തടിയന്റവിട നസീറുമായി ചേര്‍ന്ന് രാജ്യത്ത് ജിഹാദി ആക്രമണത്തിന് നീക്കം : ഏഴ് സംസ്ഥാനങ്ങളിലെ 39 സ്ഥലങ്ങളില്‍ ഒരേസമയം എൻഐഎ റെയ്ഡ്

Spread the love

ന്യൂഡല്‍ഹി : രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 39 സ്ഥലങ്ങളില്‍ ഒരേസമയം റെയ്ഡുകളുമായി എൻ ഐ എ . ബെംഗളൂരു ജയിലിലെ മതമൗലികവാദ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് എൻഐഎയുടെ ഈ നടപടി.

ലഷ്കർ-ഇ-ത്വയ്ബ ഭീകരൻ തടിയന്റവിട നസീർ ബെംഗളൂരു സെൻട്രല്‍ ജയിലില്‍ നിരവധി തടവുകാരെ ജിഹാദി ആക്രമണത്തിന് പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട് . രാജ്യത്ത് തീവ്രവാദ ആക്രമണങ്ങള്‍ നടത്താൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

7 പിസ്റ്റളുകള്‍, 4 ഹാൻഡ് ഗ്രനേഡുകള്‍, 4 വാക്കി-ടോക്കികള്‍ എന്നിവയുള്‍പ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതിനെ തുടർന്ന് 2023 ജൂലൈയില്‍ ബെംഗളൂരു സിറ്റി പോലീസ് ഈ കേസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു . . ഇതിനുശേഷം, 2023 ഒക്ടോബർ 25 ന് കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം ഏറ്റെടുക്കുകയും 2023 ഡിസംബർ 13 ന് ചില സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ 2013 മുതല്‍ ബെംഗളൂരു സെൻട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീർ മറ്റ് പ്രതികളുമായി ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തുകയായിരുന്നു.

കേസില്‍ ഒളിവിലുള്ള ജുനൈദ് അഹമ്മദ് എന്ന ജെഡി, സല്‍മാന്‍ ഖാന്‍ എന്നിവര്‍ വിദേശത്തേക്ക് കടന്നുവെന്നാണ് കരുതുന്നത്. സയിദ് സുഹൈല്‍ ഖാന്‍, മുഹമ്മദ് ഉമര്‍, സഹിദ് തബ്രേസ്, സയ്യിദ് മുദസില്‍ പാഷ, മുഹമ്മദ് ഫൈസല്‍ റബ്ബാനി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

അതേസമയം ഈ എൻഐഎ റെയ്ഡിന് വെള്ളിയാഴ്ച ബംഗളൂരുവിലെ പ്രശസ്തമായ കഫേയില്‍ നടന്ന സ്‌ഫോടനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല .നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനാണ് ശ്രമം . കർണാടകയും തമിഴ്നാടും ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലെ 39 പ്രദേശങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. ഇതില്‍ 17 പ്രദേശങ്ങളും കർണാടകയിലാണ്. ചെന്നൈയിലും രാമനാഥപുരത്തും ബെംഗളൂരുവിലും പരിശോധന നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published.