ഡോ വന്ദന ദാസിന്റെ കൊലപാതകം; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

Spread the love

ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ കുറ്റപത്രം ഇന്ന് കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. പ്രതി സന്ദീപ് ബോധപൂര്‍വം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന.മെയ് 10നാണ് ഡോക്ടര്‍ വന്ദനാ ദാസ് സന്ദീപിന്റെ കൊലകത്തിക്കിരയായത്. പ്രതിയുടെ കസ്റ്റഡി കാലാവധി 90 ദിവസം പൂര്‍ത്തിയാകുന്നതിന് എഴ് ദിവസങ്ങള്‍ക്ക ബാക്കി നില്‍ക്കുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. സന്ദീപിന്റെ വസ്ത്രത്തില്‍ നിന്ന് വന്ദനാ ദാസിന്റെ രക്തക്കറ കണ്ടെത്തിയിരുന്നു ഇതാണ് കേസിലെ മുഖ്യ ശാസ്ത്രീയ തെളിവ്. സാക്ഷി മൊഴികളുടേയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിശദമായ പരിശോധനയ്ക്കു ശേഷമാണ് കേസില്‍ കുറ്റപത്രം തയാറാക്കിയത്.സംസ്ഥാനത്ത് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ആദ്യ ഡോക്ടറാണ് വന്ദനാ ദാസ്. വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര ആശുപത്രിയില്‍ എത്തിച്ച സന്ദീപ് അക്രമാസക്തനാവുകായിരുന്നു. സന്ദീപ് വന്ദനാ ദാസിനെ 17 തവണ കുത്തിപ്പരുക്കേല്‍പ്പിച്ചു. ആഴത്തില്‍ കുത്തേറ്റ വന്ദനാ ദാസിനെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സന്ദീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം ജില്ലാ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതേസമയം, കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനാ ദാസിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അടുത്ത പതിനേഴിന് വാദം കേള്‍ക്കും.

Leave a Reply

Your email address will not be published.