ഡെങ്കിപ്പനിക്ക് വ്യാപക സാധ്യത: മന്ത്രി വീണാ ജോര്‍ജ്

Spread the love

കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രതിരോധ മാര്‍ഗം. കൊതുക് കടിയില്‍ നിന്നും രക്ഷനേടാന്‍ കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍ എന്നിവയെല്ലാം കൊതുക് കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കും. ഇക്കാര്യത്തില്‍ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളില്‍ മാത്രം കിടത്തുവാന്‍ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളെ നിര്‍ബന്ധമായും കൊതുകുവലയ്ക്കുള്ളില്‍ തന്നെ കിടത്തണം. കൊതുക് വളരുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുക എന്നതിനാണ് ഏറ്റവും പ്രാധാന്യം. കൊതുകുകള്‍ ഏറ്റവും അധികം വ്യാപരിക്കുന്ന രാവിലെയും വൈകുന്നേരവുമുള്ള സമയത്ത് വിടിന് ഉള്‍ഭാഗം പുകച്ചതിനുശേഷം ജനലും വാതിലും അടച്ചിടുന്നത് കൊതുക് ശല്യം കുറയ്ക്കാന്‍ ഉപകരിക്കും. വ്യക്തികളും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇത് ഉറപ്പാക്കണം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അല്‍പം പോലും വെള്ളം കെട്ടി നിര്‍ത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം. പ്ലാസ്റ്റിക്കോ ചിരട്ടയോ അലക്ഷ്യമായി ഇടരുത്. റബ്ബര്‍ പ്ലാന്റേഷനിലെ കറ ശേഖരിക്കുന്ന പാത്രങ്ങള്‍/ ചിരട്ടകള്‍ എന്നിവ ഉപയോഗിക്കാത്ത അവസരങ്ങളില്‍ കമിഴ്ത്തി വയ്ക്കുകയോ അവയില്‍ മഴവെള്ളം കെട്ടി നില്‍ക്കാനുള്ള അവസരങ്ങള്‍ ഇല്ലാതെയാക്കുകയോ വേണം. കൊതുക് വളരുന്ന സാഹചര്യങ്ങള്‍, കേരള പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നടപടികള്‍ ആരംഭിക്കുന്നതിനായി തൊട്ടടുത്തുള്ള പ്രാഥമിക/ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെയോ മെഡിക്കല്‍ ഓഫീസറുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. ആക്രി സാധനങ്ങള്‍ മൂടി സൂക്ഷിക്കുക. ശേഖരിച്ച്‌ വയ്ക്കുന്ന വെള്ളം അടച്ച്‌ സൂക്ഷിക്കുക. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഏകോപിപ്പ് പ്രവര്‍ത്തിക്കണം. കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച്‌ യോഗം ചേര്‍ന്ന് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും, ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published.