ഡിസിസി പ്രസിഡന്റ് അടക്കം 20 പേര്‍ക്കെതിരേ കേസെടുത്തു

Spread the love

ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗമാണ് കഴിഞ്ഞ ദിവസം കൂട്ടത്തല്ലില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പിന് പിന്നാലെ തൃശൂര്‍ ഡിസിസിയില്‍ ഉണ്ടായിരിക്കുന്ന പോരില്‍ കഴിഞ്ഞ ദിവസത്തെ സംഘട്ടനത്തില്‍ നടപടി. ഡിസിസി സെക്രട്ടറിയുടെ പരാതിയില്‍ പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസെടുത്തു.  മുരളീധരന്റെ ഉറ്റ അനുയായിയായ ഡി.സി.സി. സെക്രട്ടറി സജീവന്‍ കുരിയച്ചിറ ഇന്നലെ വൈകിട്ട് ഡി.സി.സി. ഓഫീസിലെത്തിയപ്പോള്‍ ജോസ് വള്ളൂരും ഒപ്പമുള്ളവരും പിടിച്ചുതള്ളിയെന്നാണു പരാതി. സജീവനൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകനാണു പോസ്റ്ററുകള്‍ക്കു പിന്നിലെന്നാരോപിച്ചായിരുന്നു ആക്രമണമെന്നാണു പരാതി. തുടര്‍ന്ന് സജീവന്‍ ഡി.സി.സി. ഓഫീസിന്റെ താഴത്തെ നിലയില്‍ കെ. കരുണാകരന്റെ ചിത്രത്തിനു കീഴില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇരുവിഭാഗത്തെയും അനുകൂലിക്കുന്ന കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷം കനത്തു. കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ തൃശൂര്‍ ഡി.സി.സിയില്‍ സംഘര്‍ഷം പുകയുന്ന സാഹചര്യം ഉണ്ടായിരുന്നു. അടി പൊട്ടിയതോടെ പോലീസ് സ്ഥലത്തെത്തി. തോല്‍വിയേത്തുടര്‍ന്നു നേതൃത്വത്തിനെതിരേ മുരളീധരന്‍ രംഗത്തുവന്നതിനു പിന്നാലെ ഡി.സി.സി. ഓഫീസിന്റെ ചുവരിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുന്‍ എം.പി: ടി.എന്‍. പ്രതാപന്‍, ഡി.സി.സി. അധ്യക്ഷന്‍ ജോസ് വള്ളൂര്‍, എം.പി. വിന്‍സന്റ് എന്നിവര്‍ക്കെതിരേയായിരുന്നു പോസ്റ്റര്‍. ഇതു ചോദ്യം ചെയ്തായിരുന്നു പ്രശ്‌നമുണ്ടായത്. ഇരുചേരിയായി തിരിഞ്ഞ് പോര്‍വിളിയും കയ്യാങ്കളിയും ഉണ്ടായി. തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കെ മുരളീധരനും പങ്കുണ്ടെന്ന നിഗമനത്തിലാണ് സംസ്ഥാന നേതൃത്വം. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മുരളീധരന്റെ ഭാഗത്തും ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മുരളീധരനെ കാലുവാരി തോല്‍പ്പിച്ചതല്ലെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃത്വം. കെ മുരളീധരന്‍ പരാതികള്‍ ഉന്നയിച്ചെങ്കിലും തോല്‍വിയിലേക്ക് നയിച്ച കാര്യത്തില്‍ സംഘടനാ പ്രശ്നങ്ങളോ കുതികാല്‍ വെട്ടലോ ഇല്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published.