ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വം പൊതിച്ചോറ് പദ്ധതിക്ക് അഭിനന്ദനങ്ങളറിയിച്ച് ബ്രിട്ടീഷ് പത്രം

Spread the love

ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വം പൊതിച്ചോറ് പദ്ധതിക്ക് അഭിനന്ദനങ്ങളറിയിച്ച് ബ്രിട്ടീഷ് പത്രം ദ ഗാര്‍ഡിയന്‍. 2017 മുതലാരംഭിച്ച പദ്ധതി വയറെരിയുന്നവരുടെ മിഴി നിറയാതെ കേരളത്തെ കാക്കുകയാണ്. ജാതിയെ പുറത്താക്കി സ്‌നേഹത്തെ ചോറുപൊതിയാക്കി പൊതിഞ്ഞെടുക്കുകയാണ് കേരളവും.

2017 മുതല്‍ ഓരോ മേഖലാകമ്മിറ്റികളായി തിരിഞ്ഞ് കേരളത്തിന്റെ ആശുപത്രി വരാന്തകളെ പട്ടിണി രഹിതമാക്കിയ ഡിവൈഎഫ്‌ഐ പരിപാടി.ചോറുപൊതി തുറക്കുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൗതുകം വിളമ്പാന്‍ എല്ലാ വീടുകളിലും തയ്യാറെടുപ്പുകള്‍ തലേ ദിവസം തന്നെ നടത്തും. സ്വയം കഴിക്കുന്നതിന്റെ ഒരു പങ്ക് എന്ന ഡിവൈഎഫ്‌ഐ അഭ്യര്‍ത്ഥന കേരളത്തിലെ അടുക്കളകള്‍ പൊതിഞ്ഞെടുക്കുന്നത് ഒരു എക്‌സ്ട്രാ സ്‌പെഷ്യല്‍ കൂടി ചേര്‍ത്തിട്ടാകും എന്നുള്ള കാര്യം ഉറപ്പ്. ചമ്മന്തികളും അച്ചാറുകളും മീന്‍ വറുത്തതും പപ്പടവുമായെല്ലാം അത് മെഡിക്കല്‍ കോളജുകളിലും ജനറല്‍ ആശുപത്രികളിലും പുഞ്ചിരി വിടര്‍ത്തും. ഓണത്തിന് പായസവും ക്രിസ്മസിന് ഒരു കഷണം കേക്കും, അങ്ങനെ മുടങ്ങാതെ 365 ദിവസവും കേരളത്തിന്റെ മിഴി നിറയാതെ കാക്കുകയാണ് ഡിവൈഎഫ്‌ഐ.

ജാതിയെ പുറത്താക്കി സ്‌നേഹം പൊതിഞ്ഞെടുക്കുകയാണ് കേരളമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഗാര്‍ഡിയന്‍ പത്രം. ആയുര്‍ദൈര്‍ഘ്യത്തിലും വിദ്യാഭ്യാസത്തിലും ലിംഗ സമത്വത്തിലുമെല്ലാം ഇന്ത്യയുടെ ആകെ ശരാശരിയേക്കാള്‍ എത്രയോ കാതം മുമ്പിലോടിയ കേരളം ഡിവൈഎഫ്‌ഐയിലൂടെ പങ്കുവെപ്പിന്റെ പുതിയ പാഠം പഠിപ്പിക്കുകയാണ്. ഓരോ അടുക്കളയിലും മടക്കുന്ന ചോറുപൊതി ആരുടെ വിശപ്പാണ് മാറ്റുക എന്നതറിയാത്ത പങ്കുവയ്പ്പിന്റെ സമരപാഠം. വിളമ്പുന്ന കൈകളുടെ ജാതി ചോദിക്കുന്ന മനുഷ്യരുള്ള രാജ്യത്ത് കേരളത്തിലെ യുവത തീര്‍ക്കുന്ന മാതൃകയ്ക്ക് അഭിവാദ്യമറിയിക്കുകയാണ് ഗാര്‍ഡിയന്‍. മുഴുവന്‍ അടുക്കളകളുടെയും മനുഷ്യത്വത്തിന്റെ പങ്ക് കൂട്ടി ഊണ് കഴിക്കുന്ന, മറ്റൊരു നാടിനും ഏറ്റെടുക്കാന്‍ കഴിയാത്ത മാതൃക വിജയിപ്പിച്ചെടുക്കുകയാണ് കേരളം.

Leave a Reply

Your email address will not be published.