ടി പി വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല; ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തി ഹൈക്കോടതി; 1,2,3,5,7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ; ഒന്നുമുതല്‍ 8 വരെ പ്രതികള്‍ക്കും 11 ാം പ്രതിക്കും 20 വര്‍ഷം കഠിന തടവ്

Spread the love

കൊച്ചി: ടി പി കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല. എന്നാല്‍, പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഉയർത്തി.

ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി. 1,2,3,5,7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പുതുതായി കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതാണ് ഇരുവരും. ഒന്നാം പ്രതി എം സി അനൂപിന് ഇരട്ട ജീവപര്യന്തം വിധിച്ചു. ഒന്നുമുതല്‍ 8 വരെ പ്രതികള്‍ക്കും 11 ാം പ്രതിക്കും 20 വർഷം കഠിന തടവും വിധിച്ചു

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള സാഹചര്യമുണ്ടോയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി. പ്രായമുള്ള പ്രതികള്‍ക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടാൻ കാരണമെന്താണെന്ന് കോടതി ആരാഞ്ഞു. ടി പി വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വാദപ്രതിവാദത്തിനിടെയാണ് ഹൈക്കോടതിയുടെ ചോദ്യം.പ്രതികളായ കെ കെ കൃഷ്ണനും ജ്യോതി ബാബുവും നിരവധി ആരോഗ്യ പ്രശ്‌നങ്ങളുള്ളവരാണ്. മറ്റുള്ള പ്രതികള്‍ക്ക് മാനസാന്തരത്തിന് സാദ്ധ്യതയില്ലേ? വിധി പറയുമ്ബോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. വധശിക്ഷ നല്‍കുന്നത് അപൂർവങ്ങളില്‍ അപൂർവമായ കേസുകളില്‍ മാത്രമാണെന്നും കോടതി പറഞ്ഞു.

പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എ സമർപ്പിച്ച ഹർജി ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്ബ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തുമടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. കെ കെ കൃഷ്ണൻ നടത്തിയ പ്രസംഗം നടപ്പാക്കുകയാണ് പ്രതികള്‍ ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ ചൂണ്ടിക്കാട്ടി. ടി പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുമ്ബോഴും ഒന്നുമുതല്‍ ഏഴുവരെ പ്രതികള്‍ക്കെതിരെ വേറെയും കേസുകളുണ്ടായിട്ടുണ്ട്. പ്രതികള്‍ മാനസാന്തരപ്പെടാൻ യാതൊരു സാദ്ധ്യതയുമില്ല. അതിക്രൂരമായ കൊലപാതകമാണ് നടന്നത്. പെട്ടെന്നുള്ള വികാരത്തിന് പുറത്തുനടന്ന കൊലപാതകമല്ല, മറിച്ച്‌ ആസൂത്രിതമായാണ് നടന്നത്. കൊല നടത്തിയത് സിപിഎം അനുഭാവികളാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ അസാധാരണമല്ലെന്ന് പ്രതിഭാഗം വക്കീല്‍ കോടതിയില്‍ വാദിച്ചു. അതുകൊണ്ട് ടിപി ചന്ദ്രശേഖരൻ വധം അപൂർവങ്ങളില്‍ അപൂർവമായി കാണാൻ കഴിയില്ല. രാഷ്ട്രീയ കൊലപാതകം അസാധാരണം അല്ലെന്ന വാദം അംഗീകരിക്കാൻ ആകില്ലെന്നു കോടതി തിരിച്ചടിച്ചു. പരോളില്‍ പുറത്തിറങ്ങുന്നവർ കുറ്റകൃത്യത്തില്‍ ഏർപ്പെടുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി, പിന്നെ എങ്ങനെ ഇത്തരം ആളുകള്‍ക്ക് വീണ്ടും പരോള്‍ നല്‍കിയെന്നും സർക്കാരിന്റെ അഭിഭാഷകനോട് ചോദിച്ചു.

ഇതിനിടെ പ്രതികളിലൊരാളായ കെ സി രാമചന്ദ്രനെതിരെയുള്ള ജയില്‍ അധികൃതരുടെ റിപ്പോർട്ടും പുറത്തുവന്നു. ജയില്‍വാസം അനുഭവിച്ച്‌ ദീർഘകാലം കഴിഞ്ഞിട്ടും രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്നാണ് റിപ്പോർട്ടില്‍ പരാമർശിക്കുന്നത്. പ്രതികളുടെ മാനസിക-ശാരീരിക നിലയെക്കുറിച്ചുള്ള റിപ്പോർട്ടും ജയിലിലെ പെരുമാറ്റ രീതിയെക്കുറിച്ചുള്ള റിപ്പോർട്ടും കോടതിക്ക് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published.