പരിശീലനം സിദ്ധിച്ചവരെ തന്നെ സുരക്ഷ്‌ക്കായി നിയോഗിക്കും. സി.സി.ടി.വി ക്യാമറകള്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ ഉണ്ടെന്ന് ഉറപ്പാക്കും. പബ്ലിക് അഡ്രസ് സിസ്റ്റം എല്ലാ ആശുപത്രികളിലും ഉണ്ടാകണം. ജില്ലയിലെ ആശുപത്രികളെ ഇ- ഹോസ്പിറ്റലുകളായി ഉയര്‍ത്തുന്ന നടപടി വേഗത്തിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ആശുപത്രികളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാനും മന്ത്രി നിര്‍ദേശിച്ചു.





തോപ്പുംപടി കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് സൗകര്യം ഒരുക്കും. ആശുപത്രിയുടെ സമഗ്ര വികസനം നടപ്പിലാക്കും. നിലവില്‍ തടസപ്പെട്ടിരിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. ആശുപത്രികളില്‍ ജില്ലാ തലത്തില്‍ പരിഹരിക്കേണ്ടതായ കാര്യങ്ങള്‍ കളക്ടര്‍ ഇടപെട്ട് പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
പള്ളുരുത്തി, ഞാറക്കല്‍ താലുക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്ററുകള്‍ ഉടന്‍ ആരംഭിക്കും. പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി തുടങ്ങുന്നതിനും നടപടി സ്വീകരിക്കും. ആശുപത്രിയില്‍ കാന്റീന്‍ സൗകര്യം ലഭ്യമാക്കും. കോതമംഗലം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെയും ഡയാലിസിസ് സെന്ററിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. ആശുപത്രിയില്‍ അനുവദിച്ചിട്ടുള്ള കിഫ്ബി പദ്ധതികളും വിലയിരുത്തി. ലിഫ്റ്റ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും. ആന്റി സ്നേക്ക് വെനം ആവശ്യത്തിന് സൂക്ഷിക്കണം. ഐസിയു സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ഒ.പി കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പുരോഗതിയും മറ്റ് പദ്ധതികളുടെ വിശദാംശങ്ങളും മനസിലാക്കി. ആശുപത്രിയില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണം.. അള്‍ട്രാ സൗണ്ട് സ്‌കാനിങ് സംവിധാനം ഉപയോഗിക്കുന്നതിന് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചു.
പിറവം താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ ഒ.പി കെട്ടിടത്തില്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സജ്ജമാക്കും. ഇ-ഹെല്‍ത്ത് സംവിധാനവും ആശുപത്രിയില്‍ ആരംഭിക്കും. ഓഫ്ത്താല്‍മിക് തീയറ്ററില്‍ ജനറേറ്റര്‍ സംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.
പശ്ചിമ കൊച്ചി മേഖലയിലെ ആശുപത്രികള്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ഇതിനായി പ്രത്യേക ശ്രദ്ധ നല്‍കും. ഫോര്‍ട്ട്കൊച്ചിയിലെ അള്‍ട്രാ സൗണ്ട് സ്‌കാനിങ് സംവിധാനം കരുവേലിപ്പടിയിലെ രോഗികള്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്നിനെക്കുറിച്ച് ആലോചിക്കും. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പീഡിയാട്രിക് വാര്‍ഡിന് മുകളില്‍ നിര്‍മ്മാണം സാധ്യമാണെങ്കില്‍ കെട്ടിടം വലുതാക്കി നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
തൃപ്പൂണിത്തുറ താലുക്ക് ആശുപത്രിയില്‍ നബാര്‍ഡ് അനുവദിച്ച 10 കോടി രൂപയുടെ കെട്ടിടം കൂടാതെ കൂടുതല്‍ വികസനത്തിന് അടുത്ത സാമ്പത്തിക വര്‍ഷം എം എല്‍ എ ഫണ്ടില്‍ നിന്നും തുക കണ്ടെത്തും. ആശുപത്രിയുടെ തുടര്‍ വികസനത്തിന് പ്രോപ്പോസല്‍ തയ്യാറാക്കുവാനും നിര്‍ദേശിച്ചു.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി ഘട്ടം ഘട്ടമായി വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ട്രാന്‍സ്ഫോര്‍മര്‍ ഉള്‍പ്പെടെ ഇവിടെ ഇല്ല. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. ആര്‍ദ്രം പദ്ധതി വഴിയുള്ള ഒ.പി ബ്ലോക്ക് നവീകരണം ആദ്യഘട്ടം പൂര്‍ത്തിയായി. രണ്ടാംഘട്ടം സമയബന്ധിതമായി പൂര്‍ത്തീകരിക്കും.
ആലുവ, പറവൂര്‍ താലൂക്ക് ആശുപത്രികളില്‍ ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ആശ്രയിക്കുന്ന പറവൂര്‍ താലൂക്ക് ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലെയും അത്യാഹിത വിഭാഗത്തിലെയും പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കും.
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ആറര കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പുതിയ കെട്ടിടത്തിനോട് അനുബന്ധിച്ച് എല്ലാവിധ സൗകര്യങ്ങളും ആശുപത്രിയില്‍ ലഭ്യമാക്കും. ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും.
കോതമംഗലം താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, പിറവം താലൂക്ക് ആശുപത്രി, ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രി, മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രി, പള്ളുരുത്തി താലൂക്ക് ആശുപത്രി, പെരുമ്പാവൂര്‍ താലുക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, അങ്കമാലി താലൂക്ക് ആശുപത്രി, നോര്‍ത്ത് പറവൂര്‍ താലുക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, ഞാറയ്ക്കല്‍ താലൂക്ക് ആശുപത്രി, തൃപ്പൂണിത്തുറ താലുക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി എന്നിവിടങ്ങളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.
യോഗത്തില്‍ എംഎല്‍എ മാരായ കെ.ബാബു, കെ.ജെ മാക്സി, ആന്റണി ജോണ്‍, അനുപ് ജേക്കബ്, എല്‍ദോസ് കുന്നപ്പിള്ളില്‍, മാത്യു കുഴല്‍ നാടന്‍, അന്‍വര്‍ സാദത്ത്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.