ജയിച്ച ശേഷം പത്ത് ലക്ഷം രൂപയുടെ കിരീടം സമര്‍പ്പിക്കും, അതിലൊരു വൈരക്കല്ലും ഉണ്ടാകും’; സുരേഷ് ഗോപി

Spread the love

തിരുവനന്തപുരം: കിരീട വിവാദത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടിക്കാർക്ക് എന്ത് അധികാരമാണുള്ളതെന്നും സുരേഷ് ഗോപി ചോദിച്ചു.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പത്ത് ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ റോഡ് ഷോയോടെ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ ഇലക്ഷൻ പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു.

തൃശൂരിലെ ലൂർദ് പള്ളിയിലെ മാതാവിന് കിരീടം സമർപ്പിച്ചത് തന്റെ ആചാരത്തിന്റെ ഭാഗമാണെന്നും മാതാവത് സ്വീകരിക്കുമെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ കിരീടം നല്‍കിയത് വിശ്വാസികള്‍ക്ക് പ്രശ്നമില്ലെന്നും ആരാണ് വർഗീയത പറയുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകർ എത്തിയിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് സുരേഷ് ഗോപി കുടുംബസമേതം എത്തി പള്ളിയില്‍ മാതാവിന് സ്വർണകിരീടം സമർപ്പിച്ചത്. ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഭാവ്‌നി എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വർണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നേർന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോടനുബന്ധിച്ച്‌ സ്വർണകിരീടം സമർപ്പിക്കാനെത്തിയത്. ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച്‌ പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിപ്പോയത്.

Leave a Reply

Your email address will not be published.