ജനങ്ങളോട് മര്യാദയ്ക്കു പെരുമാറാൻ പൊലീസിന് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ? അഭിഭാഷകനോട് ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും? ഞാനിത് എത്രകാലം പറയണം? എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നാണോ? രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

Spread the love

കൊച്ചി: കേരളാ പൊലീസിലെ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

ജനങ്ങളോടു മര്യാദയ്ക്കു പെരുമാറണമെന്ന നിർദ്ദേശം അനുസരിക്കാൻ പൊലീസുകാർക്ക് ഇത്രയ്ക്കു ബുദ്ധിമുട്ടാണോ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ആലത്തൂർ പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകനെ അപമാനിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്ബോഴാണ് അദ്ദേഹം രൂക്ഷവിമർശനം നടത്തിയത്.

”അഭിഭാഷകനോ സാധാരണക്കാരനോ തെരുവില്‍ കഴിയുന്ന ആളോ ആരുമാകട്ടെ, ഓരോ പൗരനേയും മാനിക്കേണ്ടതുണ്ട്. ഞാനിതു പലതവണയായി ആവർത്തിക്കുന്നു. ഞാനിത് എത്രകാലം പറയണം? എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നാണോ” കോടതി ചോദിച്ചു. ജോലി സമ്മർദം ജനങ്ങള്‍ക്കു നേരെ മോശമായി പെരുമാറാനുള്ള ലൈസൻസല്ല എന്നു നേരത്തേതന്നെ ഹൈക്കോടതി പറഞ്ഞിരുന്നു.

”പൊലീസിന്റെ ആണെങ്കിലും ജഡ്ജിയുടെ ആണെങ്കിലും ആ യൂണിഫോമിട്ടാല്‍ പദവിക്ക് ചേർന്ന വിധമാണു പെരുമാറേണ്ടത്. ജനങ്ങള്‍ക്ക് ആ യൂണിഫോമില്‍ വിശ്വാസമുണ്ട്. അതിനർഥം ജനങ്ങള്‍ക്കുമേല്‍ അധികാരം പ്രയോഗിക്കണമെന്നല്ല. സമ്മർദമാണെന്നു പറഞ്ഞ് അതിക്രമം കാണിച്ചാല്‍ വകവച്ചു തരാൻ പറ്റില്ല. അഭിഭാഷകനോട് ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും? ജനങ്ങളോട് മര്യാദയ്ക്കു പെരുമാറണമെന്നത് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ? ജോലിയുടെ സമ്മർദം മോശം പെരുമാറ്റത്തിനുള്ള ന്യായീകരണമല്ല. പൊലീസിന് സമ്മർദങ്ങള്‍ താങ്ങാനുള്ള പരിശീലനം ലഭിക്കുന്നുണ്ടല്ലോ. എന്നിട്ടും സമ്മർദം താങ്ങാനാവുന്നില്ലെങ്കില്‍ ജോലി രാജിവച്ച്‌ ഇറങ്ങിപ്പോവുകയാണ് വേണ്ടത്” കോടതി പറഞ്ഞു.

ആലത്തൂർ സ്റ്റേഷനില്‍ അക്വിബ് സുഹൈല്‍ എന്ന അഭിഭാഷകനെ എസ്‌ഐ വി.ആർ.റിനീഷ് അപമാനിച്ച സംഭവത്തില്‍ കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടുനല്‍കാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ എസ്‌ഐ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് കോടതി ഇടപെട്ടത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍, താൻ സംഭവത്തില്‍ ഖേദിക്കുന്നുവെന്നും നിരുപാധികം മാപ്പു പറയാൻ സന്നദ്ധനാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥൻ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തെ ചോദ്യം ചെയ്തായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷ വിമർശനം ഉന്നയിച്ചത്. അഭിഭാഷകനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചോ ഇല്ലയോ എന്നത് സത്യവാങ്മൂലത്തില്‍ പറയുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യപരമായി ഒന്നും ചെയ്തിട്ടില്ലെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. അതേ ശ്വാസത്തില്‍തന്നെ ഉണ്ടായ ‘സംഭവത്തി’ല്‍ ഖേദം പ്രകടിപ്പിക്കുന്നുമുണ്ട്. ഇത് പരസ്പരവിരുദ്ധമാണ്.

ഒന്നുകില്‍ കോടതിയലക്ഷ്യത്തിനു വിചാരണ നേരിടുക അല്ലെങ്കില്‍ വ്യക്തതയുള്ള സത്യവാങ്മൂലം നല്‍കുക. പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ച്‌ അറിയിക്കാൻ സംസ്ഥാന ഡിജിപിക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. മോശം പെരുമാറ്റം പാടില്ല എന്ന് ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ടെന്നു ഡിജിപി തന്നെ പറഞ്ഞിട്ടുള്ളതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ശാസന മാത്രം കേട്ട് ചെയ്ത തെറ്റില്‍നിന്ന് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാമെന്ന് കരുതരുത് എന്നും കൂട്ടിച്ചേർത്തു. മാർച്ച്‌ ഒന്നിനു കേസ് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published.