ചില നേതാക്കള്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു ; ഹൈക്കമാന്റിന് പരാതി നല്‍കി ശശി തരൂര്‍

Spread the love

തിരുവനന്തപുരത്ത് ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിനോട് കഷ്ടിച്ചു ജയിച്ചു കയറിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ഹൈക്കമാന്റിന് പരാതി നല്‍കി. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചും തനിക്ക് വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ആരോപിച്ചാണ് തരൂര്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രചാരണത്തില്‍ പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്നും പരാതിയുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നല്‍കിയിട്ടുള്ള പരാതിയില്‍ അട്ടിമറി ശ്രമം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്ക് എതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. തിരുവനന്തപുരത്ത് ശശി തരൂര്‍ കഷ്ടിച്ചാണ് ജയിച്ചു കയറിയത്. 2019 ല്‍ 99,989 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു തരൂര്‍ ജയിച്ചത്. 2019 ല്‍ 416,131 വോട്ടുകള്‍ കിട്ടിയ ശശി തരൂരിന് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത് 358,155 വോട്ടുകളായിരുന്നു. 2014 ല്‍ ആദ്യം മത്സരിച്ചപ്പോള്‍ കിട്ടിയ ഭൂരിപക്ഷത്തിനടുത്തേ ഇത്തവണയും കിട്ടിയുള്ളൂ. 16,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരുവനന്തപുരത്ത് ഇത്തവണ ശശി തരൂര്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ തുടക്കത്തില്‍ ഏറെ മുന്നിട്ടു നിന്നിരുന്നു. 23,000 വോട്ടുകളുടെ ഭൂരിപക്ഷം വരെ എത്തിയ ശേഷമായിരുന്നു അദ്ദേഹം പിന്നിലേക്ക് പോയത്. യുഡിഎഫും എന്‍ഡിഎയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയ തലസ്ഥാനത്ത് തീരദേശ വോട്ടുകളാണ് തരൂരിന് തുണയായത്.

Leave a Reply

Your email address will not be published.