ചിക്കന്‍റെ ഗ്രേവി നല്‍കാന്‍ വൈകി, ഹോട്ടല്‍ ജീവനക്കാരെ അടക്കളയില്‍ കയറി മര്‍ദ്ദിച്ചവശരാക്കി

Spread the love

ബിരിയാണി ക‍ഴിക്കുന്നതിനിടെ ചിക്കന്‍റെ ഗ്രേവി കിട്ടാൻ വൈകിയതിന് യുവാക്കള്‍ ഹോട്ടൽ ജീവനക്കാരെ മര്‍ദ്ദിച്ചവശരാക്കി. ഗ്രേവി വൈകിയതില്‍ ക്ഷുഭിതരായ യുവാക്കള്‍ ആദ്യം അസഭ്യ വര്‍ഷം നടത്തുകയും പിന്നാലെ മര്‍ദ്ദിക്കുകയുമായിരുന്നു. തമിഴ്നാട്ടിലെ കാഞ്ചിപുരത്തെ ഒരു ഹോട്ടലിലാണ് സംഭവം.

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ കുറച്ച് ഗ്രേവി ചോദിച്ചു. അത് നൽകാൻ കുറച്ചു വൈകിയതോടെയാണ് സംഭവം.  സംഘർഷത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അക്രമികള്‍ പിടിയിലായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കാഞ്ചിപുരം തേറടിയിലെ റോയൽ ബിരിയാണി ഹോട്ടലിലാണ് അക്രമം. ബിരിയാണി കഴിക്കാനെത്തിയ രണ്ട് ചെറുപ്പക്കാര്‍ ചിക്കൻ കറിയുടെ ഗ്രേവി ചോദിച്ചു. തിരക്കിനിടയിൽ ഹോട്ടൽ ജീവനക്കാര്‍ ഗ്രേവി നൽകാന്‍ വൈകി. ക്ഷുഭിതരായ ഇരുവരും അടുക്കളയുടെ ഉള്ളിൽ കയറി ഗ്രേവി എടുക്കാൻ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു.ഇതോടെ ജീവനക്കാരെ അസഭ്യം പറഞ്ഞ് ഇരുവരും പുറത്തുപോയി 10 മിനിറ്റിനുള്ളിൽ രണ്ട് സുഹൃത്തുക്കളെയും കൂട്ടി തിരിച്ചുവന്ന് കസേര എടുത്ത് ഹോട്ടൽ ജീവനക്കാരെ ആക്രമിക്കുകയും ഭക്ഷണസാധനങ്ങള്‍ എടുത്തെറിയുകയും ചെയ്തു. ഇതോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റുള്ളവര്‍ ഭയന്ന് പുറത്തേക്കോടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ചീപുരം പൊലീസ് , സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് പേരെയും  അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ തലയ്ക്ക് പരിക്കേറ്റ ബംഗാള്‍ സ്വദേശികളായ രണ്ട് ഹോട്ടൽ ജീവനക്കാര്‍ കാ‌ഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published.