ചന്ദ്രയാന്‍ 3 വിക്ഷേപണം ഇന്ന്

Spread the love

രാജ്യം ഉറ്റുനോക്കുന്ന മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ 3 വിക്ഷേപണം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ചന്ദ്രയാന്‍ പറന്നുയരും. ഇന്നലെ ഉച്ചയോടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചിരുന്നു.

2019ലെ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ സോഫ്റ്റ്‌ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ഈ തിരിച്ചടി പരിഹരിക്കാന്‍ കൂടുതല്‍ ഇന്ധനവും സുരക്ഷാക്രമീകരണങ്ങളും ചന്ദ്രയാന്‍-3ല്‍ ഒരുക്കിയിട്ടുണ്ട്. സുഗമമായി ലാന്‍ഡ് ചെയ്യാന്‍ ലാന്‍ഡറിന്റെ കാല്‍ കൂടുതല്‍ ശക്തിപ്പെടുത്തി. കൂടുതല്‍ സൗരോര്‍ജ പാനലുകളും പേടകത്തില്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ചില ഘടകങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍പ്പോലും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്പന.

ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റിലേറിയാണ് ചന്ദ്രയാന്‍ 3 കുതിച്ചുയരുക. ഇസ്രോയുടെ ഏറ്റവും വിശ്വസനീയമായ എല്‍വിഎമ്മിന്റെ ഏഴാമത്തെ ദൗത്യമാണിത്. വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

Leave a Reply

Your email address will not be published.