ഗുസ്തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്തിന് പിന്തുണ; ദേശീയ മഹിളാ ഫെഡറേഷന്‍ അംഗങ്ങളെ അറസ്റ്റ് ചെയ്തു..

Spread the love

ദില്ലിയുടെ അതിര്‍ത്തി പ്രദേശങ്ങളിലും, ജന്തര്‍ മന്തറിലും വലിയ പൊലീസ് വിന്യാസവുമായി സുരക്ഷ ശക്തമാക്കി ദില്ലി പൊലീസ്. ദില്ലിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് കടത്തിവിടുന്നത്. ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് കണക്കിലെടുത്താണ് പൊലീസ് നീക്കം. പുതിയ പാര്‍ലമെന്റ് വളപ്പില്‍ വനിതാ മഹാ പഞ്ചായത്ത് നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു.

വനിതാ മഹാ പഞ്ചായത്തുമായി മുന്നോട്ട് തന്നെ എന്ന് ബജ്രംഗ് പൂനിയ അറിയിച്ചു. വനികളെ ബന്ധിയാക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത് എന്നും ബ്രിജ് ഭൂഷണ്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ബജ്രംഗ് പൂനിയ തുറന്നടിച്ചു. സമരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപെടാന്‍ ബ്രിജ് ഭൂഷണ്‍ ആരാണെന്നും കുടുംബാംഗങ്ങളെ പോലും സമരവേദിയിലേക്ക് കടത്തിവിടുന്നില്ല എന്നും ബജ്രംഗ് പൂനിയ പറഞ്ഞു.

അതേസമയം സമരത്തിന് പിന്തുണയുമായി എത്തിയ ദേശീയ മഹിളാ ഫെഡറേഷന്‍ അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജഗ്മതി സാങ്വാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് നീക്കി. ആനി രാജയുള്‍പ്പടെയുള്ള നേതാക്കളെ ആണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

എന്നാല്‍ അറസ്റ്റ് ചെയ്ത ഖാപ്പ് നേതാക്കളെയും കര്‍ഷകരെയും പൊലീസ് വിട്ടയക്കണമെന്ന് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടു. സമാധാനപരമായ സമരമാണ് തങ്ങള്‍ നടത്തുന്നത് എന്നും പൊലീസ് എന്ത് ചെയ്താലും സമാധാനം കൈവിടില്ല, വനിത മഹാ പഞ്ചാത്തുമായി മുമ്പോട്ടു പോകും എന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു.

ഇപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത് ജനാധിപത്യത്തിന്റെ ലംഘനമാണ്. 11.30ന് ഇവിടെ നിന്നും പുറത്തേക്ക് മാര്‍ച്ച് തുടങ്ങും. 11. 30ന് ജന്തര്‍ മന്തറില്‍ നിന്ന് മാര്‍ച്ച് തുടങ്ങുമെന്ന് സാക്ഷി മാലിക് അറിയിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ഗാസിപ്പൂര്‍ അതിര്‍ത്തിയിലും, ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ തിക്രി അതിര്‍ത്തിയിലും, പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ സിംഘു അതിര്‍ത്തിയിലും ഇതേ സമയം മാര്‍ച്ച് ആരംഭിക്കും.

Leave a Reply

Your email address will not be published.