ഗാര്‍ഹിക പീഡന പരാതി നല്‍കി; അധ്യാപികയെ കോണ്‍ഗ്രസ് നഗരസഭ കൗണ്‍സിലറും പ്രതിയും മര്‍ദിച്ചതായി പരാതി

Spread the love

ഗാര്‍ഹിക പീഡന പരാതി നല്‍കിയ അധ്യാപികയെ കോണ്‍ഗ്രസ് നഗരസഭ കൗണ്‍സിലറും പ്രതിയും മര്‍ദിച്ചതായി പരാതി. വയനാട്ടിലാണ് സംഭവം. അധ്യാപികയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.ഏപ്രില്‍ മാസം പതിനെട്ടിനാണ് അധ്യാപികയായ യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കുന്നത്. ക്രൂരമായ മാനസിക, ശാരീരിക പീഡനത്തിന് ഇരയാക്കുന്നതായി കാണിച്ചായിരുന്നു മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയത്. കേസ് നിലവില്‍ വനിതാ സെല്‍ അന്വേഷിച്ചുവരികയാണ്. ഇന്ന് യുവതിയുടെ വീട്ടില്‍ പൊലീസ് മഹസര്‍ തയ്യാറാക്കാന്‍ എത്തിയിരുന്നു. ഇതിനിടെയാണ് സംഭവമുണ്ടായത്.മാനന്തവാടി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ലേഖാ സജീവ്, സഹോദരന്‍ അജേഷ് എം. ആര്‍ എന്ന അജി കൊളോണിയ തുടങ്ങിയവര്‍ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു എന്നാണ് പരാതിക്കാരിയും സഹോദരനും പറയുന്നത്. യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു എന്നും പരാതിയിലുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തില്‍ മാനന്തവാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, ക്രിമിനല്‍ ബലപ്രയോഗം ,ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Leave a Reply

Your email address will not be published.