കോവളം ബൈപ്പാസിലെ അപകടമുണ്ടാക്കിയത് റേസിങ് അല്ല; അമിതവേഗമെന്ന് മോട്ടോര്‍വാഹന വകുപ്പ്

Spread the love

കോവളം ബൈപ്പാസില്‍ രണ്ട് പേരുടെ ജീവനെടുത്ത അപകടം ബൈക്ക് റേസിങ് മൂലമെല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റേസിങ് നടന്നിട്ടില്ലെന്നും അമിതവേഗമാണ് അപകടത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കോവളം ബൈപ്പാസിലെ തിരുവല്ലം ജംഗ്ഷന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് ജീവനാണ് പൊലിഞ്ഞത്. ബൈക്ക് ഓടിച്ചിരുന്ന അരവിന്ദ് എന്ന യുവാവും വഴിയാത്രക്കാരിയായ സന്ധ്യ എന്ന വീട്ടമ്മയും.

അപകടത്തിന് കാരണം ബൈക്ക് റേസിങാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, റേസിങ് നടന്നിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ അപകടത്തില്‍പെട്ട ബൈക്കും മറ്റു ബൈക്കുകളും തമ്മില്‍ മല്‍സരിച്ച് ഓടുന്ന ദൃശ്യങ്ങളില്ല. പകരം അപകടത്തിന്റെ പ്രധാന കാരണമായി പറയുന്നത് ബൈക്കിന്റെ അമിതവേഗതയാണ്. നൂറ് കിലോമീറ്റര്‍ വേഗത്തിനും മുകളിലാണ് 22 ലക്ഷം രൂപ വിലമതിക്കുന്ന ആയിരം സി.സി ബൈക്കുമായി അരവിന്ദ് പാഞ്ഞത്.

മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോ തയ്യാറാക്കാനായി കോവളത്തെത്തിയതായിരുന്നു അരവിന്ദ്. ദൃശ്യങ്ങളെടുത്ത ശേഷം സുഹൃത്തുക്കള്‍ മുന്‍പേ പോയപ്പോള്‍ അവര്‍ക്കൊപ്പമെത്താനായി അമിതവേഗതയില്‍ പാഞ്ഞു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ ബൈക്ക് സന്ധ്യയുടെ ശ്രദ്ധയില്‍പ്പെടാത്തതും അപകടകാരണമായി. ട്രാഫിക് സിഗ്‌നലില്ലാത്ത ഭാഗത്തായിരുന്നു അപകടം.

Leave a Reply

Your email address will not be published.