കോഴിയിറച്ചിയില്‍ ഇ-കോളി ബാക്ടീരിയ; നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്

Spread the love

കൊച്ചി കളമശ്ശേരിയില്‍ പിടിച്ചെടുത്ത കോഴിയിറച്ചിയില്‍ അപകടകാരിയായ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.

ഈ മാസം 12നാണ് കൊച്ചി കളമശ്ശേരി നഗരസഭാപരിധിയിലുള്ള കൈപ്പടമുകളിലെ വാടക വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അനധികൃത ഇറച്ചി വില്‍പ്പനശാലയില്‍ നിന്ന് 500 കിലോയിലധികം വരുന്ന പഴകിയ കോഴിയിറച്ചി പിടികൂടിയത്. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യ ജീവന് ഹാനികരമാകുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. സാമ്പിളുകളില്‍ ഫംഗസ് ബാധയും സ്ഥിരീകരിച്ചു. ഇ-കോളി ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെയാണ് പ്രധാനമായും ബാധിക്കുക.

അനധികൃത വില്‍പ്പനശാലയില്‍ നിന്ന് വില്‍പ്പന നടത്തിയതിന്റെ ചില രേഖകള്‍ കണ്ടെത്തിയിരുന്നു. വില്‍പ്പനശാലയില്‍ നിന്ന് കോഴിയിറച്ചി സ്ഥിരമായി വാങ്ങുന്ന ഹോട്ടലുകളുടെ പേരുകള്‍ ലഭിച്ചെങ്കിലും കഴിഞ്ഞ ഡിസംബര്‍ 30ന് ശേഷം വില്‍പ്പന നടത്തിയതിന്റെ രേഖകളൊന്നും ഇവിടെ നിന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. കിലോകണക്കിന് വരുന്ന ഇറച്ചി എവിടെ നിന്നാണ് വില്‍പ്പനയ്ക്ക് സംഭരിക്കുന്നതെന്ന വിവരങ്ങളും ലഭ്യമായിട്ടില്ല. അതേസമയം, വില്‍പ്പന കേന്ദ്രം നടത്തിയ മണ്ണാര്‍ക്കാട് സ്വദേശി ജുനൈസ് ഇപ്പോഴും ഒളിവിലാണ്.

Leave a Reply

Your email address will not be published.