അമ്പൂരി രാഖി വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതിൽ പ്രതികരണം രേഖപ്പെടുത്തി രാഖിയുടെ പിതാവ് രാജൻ. നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും കേസിന് പിന്നാലെ ഒരുപാട് നടന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക കേസുകളുടെ വിധി ഒരു വർഷത്തിനുള്ളിൽ വരണമെന്നും രാജൻ പ്രതികരിച്ചു. രാഖിയുടെ പിറന്നാൾ ദിവസം വന്ന വിധിയിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചുവെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീതയും പ്രതികരിച്ചു.

തിരുവനന്തപുരം ആറാം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 3 പ്രതികൾക്കും ജീവപര്യന്തവും നാലര ലക്ഷം രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. അമ്പൂരി തട്ടാംമുക്ക് സ്വദേശി അഖിൽ, ജ്യേഷ്ഠ സഹോദരൻ രാഹുൽ, ഇവരുടെ സുഹൃത്ത് ആദർശ് എന്നിവരാണ് കേസിലെ പ്രതികൾ. മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ.
2019 ജൂണ്‍ 21ന് ഒന്നാം പ്രതി അമ്പൂരി തട്ടാംമുക്ക് അശ്വതി ഭവനില്‍ സൈനികനായ അഖിലിന്റെ നിര്‍മാണത്തിലിരുന്ന വീടിന് മുന്നില്‍വെച്ചാണ് രാഖിയെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീടിന്റെ പിറകില്‍ കുഴിയെടുത്ത് മൃതദേഹം മറവുചെയ്‌തെന്നാണ് കേസ്. രാഖിയെ കാണാനില്ലെന്ന് അച്ഛന്‍ രാജന്‍ പൂവാര്‍ പൊലീസിന് നല്‍കിയ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിയിച്ചത്.
