കൊച്ചിക്കാരെ ചേര്‍ത്തുപിടിച്ച് മമ്മൂട്ടി, മെഡിക്കല്‍ പരിശോധന ക്യാമ്പ് ആരംഭിച്ചു..

Spread the love

കൊച്ചിക്കാരെ ചേര്‍ത്തുപിടിച്ച് മലയാളത്തിന്റെ ഇതിഹാസം മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍. ആലുവ രാജഗിരി ആശുപത്രിയിലെ മെഡിക്കല്‍ സംഘവുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് ആരംഭിച്ചു.

ബ്രമപുരത്തെ ദൗത്യത്തിന് അഭിനന്ദനം അറിയിച്ചതിനെ തൊട്ടുപിന്നാലെയാണ് ചികിത്സാ സഹായം കൂടി നല്‍കി മമ്മൂട്ടി രംഗത്ത് വന്നത്. കൊച്ചിയില്‍ വ്യാപിച്ച പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങളുള്ള കൊച്ചിക്കാരെ ചേര്‍ത്തു പിടിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടി കെയര്‍ ആന്‍ഡ് ഷെയറും ആലുവ രാജഗിരി മെഡിക്കല്‍ കോളേജും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍. ഡോക്ടറും നേഴ്സുമാരുമടങ്ങിയ മെഡിക്കല്‍ സംഘം വീടുകളിലെത്തി മെഡിക്കല്‍ പരിശോധന നടത്തും.

മരുന്നുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റും മെഡിക്കല്‍ സംഘത്തിലുണ്ട്. ആവശ്യമുള്ളവര്‍ക്ക് മരുന്നും മറ്റും സഹായങ്ങളും സൗജന്യമായാണ് നല്‍കുന്നത്. ഡോ.ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡി.യൂണിറ്റിന്റെ പ്രവര്‍ത്തനം.

ബ്രഹ്മപുരത്തായിരുന്നു സംഘത്തിന്റെ ആദ്യ പരിശോധന. നാളെ കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും, തൊട്ടടുത്ത ദിവസം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേ ഇരുമ്പനം പ്രദേശത്തുമാണ് പരിശോധന നടക്കുക. അതേസമയം, ക്യാമ്പ് പര്യടനം തുടരുന്ന പ്രദേശങ്ങളില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ പ്രവര്‍ത്തകര്‍ മാസ്‌കുകള്‍ വിതരണം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published.