കേരളത്തിൽ മൺസൂൺ എത്താൻ ഇനിയും വൈകുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി). ജൂൺ നാലിന് സംസ്ഥാനത്ത് കാലവർഷം എത്തുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നെങ്കിലും ഇപ്പോൾ ജൂൺ ഏഴിന് കേരളത്തിലെത്താനാണ് സാധ്യതയെന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്.
“തെക്കുകിഴക്കൻ അറബിക്കടലിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന മേഘാവൃതം അടുത്ത 3-4 ദിവസങ്ങളിൽ കേരളത്തിൽ മൺസൂൺ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു,” വെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും യഥാസമയം അപ്ഡേറ്റ് ചെയ്യുമെന്നും ഐഎംഡി അറിയിച്ചു. എന്നാൽ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മൺസൂൺ എപ്പോൾ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
തെക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് വർധിച്ചതോടെ സാഹചര്യം അനുകൂലമായിക്കൊണ്ടിരിക്കുകയാണെന്നും പടിഞ്ഞാറൻ കാറ്റിന്റെ ആഴം ക്രമാനുഗതമായി വർധിച്ചുവരികയാണെന്നും ജൂൺ നാലിന് സമുദ്രനിരപ്പിൽ നിന്ന് 2.1 കി.മീ. പോയിന്റിലെത്തുമെന്നും ഐഎംഡി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
