കേരളത്തിനുള്ള ഗ്രാന്റുകള്‍ കേന്ദ്രം വെട്ടിക്കുറച്ചു; ഓണക്കാലം ഞെരുക്കത്തിലാകും

Spread the love

സംസ്ഥാനത്തിനുള്ള ഗ്രാന്റുകള്‍ കേന്ദ്രം ഏകപക്ഷീയമായി വെട്ടിയതോടെ ഓണക്കാലം ഞെരുക്കത്തിലാകും. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആദ്യപാദത്തെ അപേക്ഷിച്ച് ഈവര്‍ഷം മൂന്നുമാസം കേന്ദ്ര ഗ്രാന്റില്‍ 8521 കോടി രൂപ കുറഞ്ഞു. മുന്‍വര്‍ഷം 10,390 കോടി രൂപ ലഭിച്ചപ്പോള്‍ ഇത്തവണ 1868 കോടിമാത്രം. ഇതോടെ സംസ്ഥാനത്തിന്റെ കടമെടുപ്പുംകൂടി. കഴിഞ്ഞവര്‍ഷം ആദ്യ മൂന്നുമാസത്തില്‍ 5302 കോടിയായിരുന്നു വായ്പ. ഈവര്‍ഷം 14,958 കോടിയും.സംസ്ഥാനത്തിന്റെ തനതുനികുതി വരുമാനം ഈവര്‍ഷം 2381 കോടി രൂപ വര്‍ധിച്ചതായി അക്കൗണ്ടന്റ് ജനറലിന്റെ പ്രതിമാസ സൂചിക വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷത്തെ 18,830 കോടിയില്‍നിന്ന് 21,211 കോടിയായി. നികുതിയേതര വരുമാനം മുന്‍വര്‍ഷം 616 കോടിയായിരുന്നത് 3175 കോടിയായി. ഇതിനിടയിലും മൂലധന, റവന്യു ചെലവുകളില്‍ കുറവുണ്ടായില്ല. കഴിഞ്ഞവര്‍ഷം ആദ്യപാദത്തില്‍ 2488 കോടിയാണ് മൂലധന ചെലവ്. ഇത്തവണ 3046 കോടിയും. മൂന്നുമാസത്തില്‍ 558 കോടിയുടെ അധിക മൂലധന നിക്ഷേപമുണ്ടായി. റവന്യു ചെലവ് മൂന്നുമാസത്തില്‍ 15,400 കോടി രൂപയാണ്. മുന്‍വര്‍ഷം 11,457 കോടിയുംപ്രതിസന്ധി പരിഹരിക്കാന്‍ അധിക കടമെടുപ്പ് അനുവദിക്കണമെന്നതടക്കം ആവശ്യങ്ങള്‍ ആവര്‍ത്തിച്ച് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കേന്ദ്രം അനങ്ങുന്നില്ല. ആഗസ്തില്‍ അവശ്യം ചെലവുകള്‍ക്ക് 14,000 കോടി വേണം. ക്ഷേമ പെന്‍ഷന്‍ 1800 കോടി, ശമ്പളവും പെന്‍ഷനും 5170 കോടി, സപ്ലൈകോയ്ക്ക് 750 കോടി, ബോണസും ഉത്സവബത്തയും അഡ്വാന്‍സുമായി 600 കോടി, വായ്പാ തിരിച്ചടവ് 5630 കോടി എന്നിങ്ങനെ വേണം. പുറമെ പദ്ധതിവിഹിതം 1000 കോടി, പദ്ധതിയേതര വിഹിതം 2000 കോടി, തദ്ദേശ സ്ഥാപനവിഹിതം 900 കോടി, ലഘുസമ്പാദ്യ നിക്ഷേപം പിന്‍വലിക്കലിനുള്ള കരുതല്‍ 500 കോടി തുടങ്ങിയവയ്ക്കും സ്രോതസ്സുകള്‍ കണ്ടെത്തണം. നിലവില്‍ ട്രഷറി നീക്കിയിരിപ്പ് 3000 കോടിയാണ്. കേന്ദ്ര ഗ്രാന്റുകളും ക്ഷേമപെന്‍ഷനുകളും സംസ്ഥാനം വിതരണം ചെയ്തതിന്റെ കുടിശ്ശിക 1694 കോടി കേന്ദ്രം അനുവദിക്കുന്നുമില്ല.

Leave a Reply

Your email address will not be published.