കെട്ടിടമില്ലാതെ പതിറ്റാണ്ട് പിന്നിട്ട് താനൂര്‍ ഗവ. കോളജ്; വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ന് വീണ്ടുമൊരു നിര്‍മാണ ഉദ്ഘാടന ചടങ്ങ്

Spread the love

താനൂർ: താല്‍ക്കാലിക കെട്ടിടങ്ങളില്‍ അസൗകര്യങ്ങള്‍ സഹിച്ച്‌ ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയിട്ടും സ്വന്തം കെട്ടിടത്തിന്റെ നിർമാണം തുടങ്ങാൻ പോലുമാകാത്തതിന് വിമർശനം തുടരുന്നതിനിടെ താനൂർ ഗവ.

ഗവ. കോളജിന് ഇന്ന് മറ്റൊരു നിർമാണ ഉദ്ഘാടനം കൂടി. ഏറെ മുറവിളികള്‍ക്കൊടുവില്‍ 2013 ല്‍ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്താണ് താനൂരിന് ഗവ. കോളജ് അനുവദിച്ചത്. അബ്ദുറഹ്മാൻ രണ്ടത്താണി എം.എല്‍.എയായിരിക്കെ താനൂർ തീരദേശത്ത് ഫിഷറീസ് സ്കൂളിനോട് ചേർന്ന താല്‍ക്കാലിക കെട്ടിടത്തിലാണ് ക്ലാസുകള്‍ ആരംഭിച്ചത്. പിന്നീട് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് വി.അബ്ദുറഹ്മാൻ എം.എല്‍.എയായിരിക്കെ യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സ്ഥലം ലഭ്യമല്ലെന്ന പേരില്‍ കോളജിനായി ഒഴൂർ പഞ്ചായത്തില്‍ സ്ഥലം കണ്ടെത്തുകയായിരുന്നു. എന്നാല്‍, ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിയമ വ്യവഹാരങ്ങള്‍ ഉയർന്നുവന്നതും തീരദേശത്ത് നിന്ന് കാമ്ബസ് മാറ്റിയതിനെതിരെ ചിലർ പരാതിയുമായി മുന്നോട്ടു പോയതും നിർമാണം ആരംഭിക്കുന്നതിന് തടസ്സമായി.

പിന്നീട് കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായ ശേഷം ഭൂമിയുടെ രേഖകള്‍ കൈമാറുന്ന ചടങ്ങ് സംഘടിപ്പിച്ച്‌ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നറിയിച്ചിരുന്നെങ്കിലും പ്രവൃത്തിക്ക് തുടക്കം കുറിക്കാനായിരുന്നില്ല. നിർമാണ ഏജൻസിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കാരണമായി പറഞ്ഞത്. നിർമാണ ഏജൻസിയായ കിറ്റ്കോയെ മാറ്റി തീരദേശ വികസന കോർപ്പറേഷന്റെ നിർമാണ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സർവിസ് സൊസൈറ്റിയെയാണ് പ്രവൃത്തി ഏല്‍പ്പിച്ചിരിക്കുന്നത്. മൂന്ന് വർഷം മുമ്ബ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്ബ് അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെക്കൊണ്ട് നിർമാണം ഉദ്ഘാടനം നടത്തിയശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയുള്ള രണ്ടാമത്തെ നിർമാണ ഉദ്ഘാടനം തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടാകുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. ബഹുനില കെട്ടിടങ്ങള്‍ നിർമിക്കാൻ വിവിധ വകുപ്പുകളില്‍ നിന്നുള്ള സാങ്കേതിക അനുമതിക്ക് നിർദിഷ്ട മാനദണ്ഡ പ്രകാരമുള്ള റോഡ് സൗകര്യമടക്കമുള്ളവ പൂർത്തിയാകേണ്ടതുണ്ടെന്നിരിക്കെ ധൃതി പിടിച്ചുള്ള നിർമാണ ഉദ്ഘാടനം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മറ്റൊരു ചടങ്ങ് മാത്രമായിത്തീരാനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാല്‍, കോളജ് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് അനാവശ്യമായി നിയമനടപടികളുമായി മുന്നോട്ട് പോയ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും അതില്‍ കക്ഷി ചേർന്ന താനൂർ നഗരസഭക്കുമാണ് കോളജ് നിർമാണം തടസ്സപ്പെട്ടതിനുള്ള ഉത്തരവാദിത്തമെന്നും എല്ലാ തടസ്സങ്ങളും നീങ്ങിയ സ്ഥിതിക്ക് കോളജ് കെട്ടിട നിർമാണം പെട്ടെന്ന് തന്നെ പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങള്‍ പറയുന്നത്.

Leave a Reply

Your email address will not be published.