കിഫ്ബി മസാലബോണ്ട്; തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ചതെന്തിനെന്ന് ഹൈക്കോടതി

Spread the love

കൊച്ചി: കിഫ്ബി മസാലബോണ്ട് പുറപ്പെടുവിച്ച വിഷയത്തില്‍ മുൻമന്ത്രി തോമസ് ഐസക്കിന് വീണ്ടും സമൻസയച്ചത് എന്തിനാണെന്ന് അറിയിക്കണമെന്ന് ഇ.ഡി.യോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

സമൻസിന്റെ സാധുത ഇരുകക്ഷികളുടെയും വാദംകേട്ടശേഷം തീരുമാനിക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സമൻസ് ചോദ്യംചെയ്ത് തോമസ് ഐസക്ക് നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഇ.ഡി.ക്കുമുന്നില്‍ ഹാജരാകണമോ വേണ്ടയോ എന്ന് തോമസ് ഐസക്കിനു തീരുമാനിക്കാമെന്നും അഭിപ്രായപ്പെട്ട കോടതി, ഹർജി മാർച്ച്‌ 18-ന് പരിഗണിക്കാൻ മാറ്റി. കിഫ്ബിയുടെ ഹർജിയും അന്ന് പരിഗണിക്കും.

വ്യാഴാഴ്ച ഹർജി പരിഗണിച്ചപ്പോള്‍ ഇ.ഡി. വീണ്ടും സമൻസ് അയച്ചത് തോമസ് ഐസക്കിനുവേണ്ടി ഹാജരായ സുപ്രിംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കിഫ്ബി ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചതിന്റെ തുടർച്ചയായിട്ടാണ് വീണ്ടും സമൻസ് അയച്ചതെന്ന് ഇ.ഡി.ക്കായി ഹാജരായ അഡ്വ. ജയശങ്കർ വി. നായർ വിശദീകരിച്ചു. സമൻസ് അയക്കുന്നത് വിലക്കുന്ന ഇടക്കാല ഉത്തരവില്ലെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാമെന്നും വ്യക്തമാക്കി.

കോടതി നിർദേശപ്രകാരം ഇ.ഡി. ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയതായി കിഫ്ബിക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ അരവിന്ദ് ദത്താർ അറിയിച്ചു. മറ്റുചില രേഖകളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. അതു ഹാജരാക്കുമെന്നും വിശദീകരിച്ചു. കിഫ്ബി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.

Leave a Reply

Your email address will not be published.