കാറില്‍ കിടത്തരുത്; ഡ്രൈവര്‍മാര്‍ക്ക് ഹോട്ടലില്‍ മുറിയൊരുക്കണം; ഉത്തരവിറക്കി തമിഴ്‌നാട് സര്‍ക്കാര്‍

Spread the love

ഡ്രൈവര്‍മാരെ കാറില്‍ കിടത്തരുതെന്നും അവര്‍ക്കും ഹോട്ടലില്‍ മുറിയൊരുക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍. അതിഥികള്‍ക്കൊപ്പം ഹോട്ടലില്‍ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇതിന് പിന്നാലെ മുഖ്യമന്ത്രി സ്റ്റാലിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി.അതിഥികള്‍ക്കൊപ്പമെത്തുന്ന ഡ്രൈവര്‍മാര്‍ കാറില്‍ കിടന്നുറങ്ങേണ്ട അവസ്ഥയുണ്ട്. ഡ്രൈവര്‍മാര്‍ക്ക് മതിയായ വിശ്രമവും ഉറക്കവും ഇല്ലാത്തത് വാഹനാപകടങ്ങളുടെ എണ്ണം കൂടാന്‍ കാരണമാകുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുകളില്‍ മുറിയൊരുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഹോട്ടലിലെ കാര്‍ പാര്‍ക്കിംഗ് സൗകര്യത്തിന് അനുസരിച്ച് തന്നെ കിടക്കകള്‍ വേണമെന്നും ഒരു കാറിന് ഒരു കിടക്ക നിര്‍ബന്ധമാക്കുമെന്നും ഉത്തരവില്‍ പറയുന്നു.എത്ര കാറുകള്‍ക്കാണോ പാര്‍ക്കിംഗ് ഉള്ളത് അത് അനുസരിച്ചുള്ള കിടക്കകളും ഹോട്ടലില്‍ വേണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. എട്ട് കിടക്കകള്‍ വീതമുള്ള ഡോര്‍മെട്രികള്‍ ഡ്രൈവര്‍മാര്‍ക്കായി ഒരുക്കണം. ഡോര്‍മെട്രികളില്‍ ശുചിമുറി, കുളിമുറി സൗകര്യങ്ങളും ഉറപ്പാക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published.