കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍; യൂട്യൂബര്‍ സ‍ഞ്ജു ടെക്കിക്കെതിരെ RTO നടപടി‌

Spread the love

ആവേശം സിനിമയിലെ അമ്ബാൻ സ്റ്റൈലില്‍ സഫാരി കാറിനുള്ളില്‍ സ്വിമ്മിംഗ് പൂളൊരുക്കിയതിന് പിന്നാലെ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് നടപടി എടുത്തിരിക്കുന്നത്. യൂട്യൂബർ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നതായിരുന്നു വീഡിയോ. അപകടകരമായ വിധത്തില്‍ പൊതു നിരത്തിലൂടെയാണ് ഈ പൂള്‍ കാർ ഓടിച്ചിരുന്നത്. കാറിന്റെ പിൻഭാഗത്ത് യാത്രക്കാർ ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ സ്വിമ്മിംഗ് പൂള്‍ നിർമിച്ചത്. ടാർപാളിൻ വലിച്ചുകെട്ടി അതില്‍ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കിയത്. ദേശീയപാതയില്‍ ഉള്‍പ്പെടെയാണ് അമ്ബാൻ സ്റ്റൈലില്‍ വാഹനമോടിച്ചത്. കാറിലെ പൂളിനുള്ളിലെ മർദ്ദം കൊണ്ട് വാഹനത്തിന്റെ എയർ ബാഗ് പുറത്തേക്ക് വരികയും ഒടുവില്‍ ബാക്ക് ഡോർ തുറന്ന് ഇവർ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്തത് വീഡിയോയില്‍ വ്യക്തമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്ബാണ് സഞ്ജു ‘ടെക്കി വ്ളോഗ്‌സ്’ എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ചത്. ‌ ഇത്തരം യാത്രകള്‍ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ രമണൻ പറഞ്ഞു. വാഹനം പിടിച്ചെടുത്തതിന് പിന്നാലെ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി. വാഹനത്തില്‍ കുളിച്ചു, യാത്ര ചെയ്തു, കാര്‍ സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തു, വെള്ളം പൊതു നിരത്തിലേയ്‌ക്ക് ഒഴുക്കി വിട്ടു എന്നിങ്ങനെയാണ് ആർടിഒയുടെ വിശദീകരണം. യൂട്യൂബില്‍ മത്സരം കൂടിവരുന്നതോടെ വ്യത്യസ്തമായ വീഡിയോ ചെയ്ത് റീച്ചുണ്ടാക്കാനാണ് ഈ വീഡിയോ എടുത്തതെന്നാണ് സഞ്ജു ടെക്കിയുടെ വിശദീകരണം. ആവേശം സിനിമയിലെ അമ്ബാൻ ലോറിക്ക് പിന്നില്‍ ഒരുക്കിയ സ്വിമ്മിംഗ് പൂളിന്റെ മാതൃകയിലാണ് സഞ്ജുവും കാറിനുള്ളില്‍ പൂളൊരുക്കിയതും എട്ടിന്റെ പണി കിട്ടിയതും.

Leave a Reply

Your email address will not be published.