കാരറ്റ് കുറഞ്ഞ സ്വര്‍ണ്ണം പണയംവെച്ച് പണം തട്ടി; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

Spread the love

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കാരറ്റ് കുറഞ്ഞ സ്വര്‍ണ്ണം പണയംവെച്ച് പണം തട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന സുധീഷ് പൂക്കാട്ടിരിയെയാണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 2022 നവംബര്‍ 2 നും 11 നും കൗവ്വല്‍മാടത്തെ അനില്‍കുമാര്‍, കള്ളാറിലെ ഷറഫുദ്ധീന്‍ എന്നിവര്‍ സ്വര്‍ണ്ണം പണയം വെച്ച് വായ്പയെടുത്തിരുന്നു. അനില്‍കുമാര്‍ 48.5 ഗ്രാം സ്വര്‍ണ്ണവും ഷറഫുദ്ധീന്‍ 40.8 ഗ്രാം സ്വര്‍ണ്ണവുമാണ് പണയം വെച്ചത്. ധനകാര്യ സ്ഥാപനം പിന്നീട് നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണത്തിന്റെ കാരറ്റ് കുറവാണെന്ന് തെളിഞ്ഞു. ഡിസംബര്‍ 19ന് ധനകാര്യ സ്ഥാപനം പൊലീസില്‍ പരാതി നല്‍കി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണ്ണം മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീഷാണ് തന്നതെന്ന് ഇവര്‍ മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന സുധീഷ് പൂക്കാട്ടിരിയെ ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്.

മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുധീഷിനെ പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശിയായ ലത്തീഫ് എന്നയാള്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായി സുധീഷ് പൊലീസിന് മൊഴി നല്‍കി. ഇയാളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.