കളത്തിലിറങ്ങി സിപിഐ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം; തൃശൂരും മാവേലിക്കരയിലും റോഡ്‌ഷോ

Spread the love

ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനുപിന്നാലെ പ്രചാരണം ആരംഭിച്ച്‌ എല്‍ഡിഎഫ്.

തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ മണ്ഡലങ്ങളിലാണ് പ്രചാരണം ആരംഭിച്ചത്. 

പ്രഖ്യാപനത്തിന് പിന്നാലെതന്നെ തിരുവനന്തപുരം മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പന്ന്യന്‍ രവീന്ദ്രനായുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ഒരു പടികൂടി കടന്നാണ് മാവേലിക്കരയിലും തൃശൂരിലും സ്ഥാനാര്‍ഥികളായ സിഎ അരുണ്‍കുമാറും വിഎസ് സുനില്‍ കുമാറും. റോഡ് ഷോയുമായി ഇന്നുമുതല്‍ മണ്ഡലത്തില്‍ സജീവമാകാനാണ് ഇരുവരുടെയും പദ്ധതി. 

സമൂഹമാധ്യമങ്ങളിലും സ്ഥാനാര്‍ഥികള്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ചെങ്ങന്നൂര്‍ ബഥേല്‍ ജംഗ്ഷനില്‍നിന്നാണ് അരുണ്‍ കുമാറിന്റെ റോഡ് ഷോ ആരംഭിക്കുന്നത്. വൈകിട്ട് അഞ്ചിന് തൃശൂര്‍ സ്വരാജ് റൗണ്ടില്‍നിന്നാണ് വിഎസ് സുനില്‍ കുമാറിന്റെ റോഡ് ഷോ ആരംഭിക്കുന്നത്.

മത്സരിക്കാനിറങ്ങുന്നത് ജയിക്കാന്‍ വേണ്ടിതന്നെയാണെന്നാണ് വയനാട് മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥിയും ദേശീയ മഹിളാ ഫെഡറേഷന്‍ (എന്‍എഫ്‌ഐഡബ്ല്യു) ജനറല്‍ സെക്രട്ടറിയും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ആനി രാജയുടെ നിലപാട്. രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ട് തേടും. ഇടതുപക്ഷ ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച്‌ മുന്നോട്ടുപോകും. എതിരാളികളുടെ രാഷ്ട്രീയമല്ല, നമ്മള്‍ എന്ത് ചെയ്യാന്‍ പോകുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. എതിരാളി ആരെന്നതല്ല വെല്ലുവിളി. മണ്ഡലത്തില്‍ ഉടന്‍ സജീവമാകുമെന്നും ആനി രാജ ഡല്‍ഹിയില്‍ മലയാള മാധ്യമങ്ങളോട് പ്രതികരിച്ചു.

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇന്നലെ സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published.