കരുണാനിധിക്കും സ്റ്റാലിനുമെതിരെ അപകീര്‍ത്തീകരമായ പോസ്റ്റിട്ടു; ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍

Spread the love

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിക്കും നിലവിലെ മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശിനിയായ ഉമാ ഗാര്‍ഗിയെയാണ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഡിഎംകെ ഐ.ടി വിങ് കോഡിനേറ്റര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് നടപടി.ഐപിസി വകുപ്പ് 505 (1) (സി) (വംശീയമോ മത- ജാതി- സാമുദായിക അധിഷ്ഠിതമോ ആയ ശത്രുതയും വെറുപ്പും വളര്‍ത്തിയേക്കാവുന്ന കിംവദന്തികളോ പ്രസ്താവനയോ പ്രചരിപ്പിക്കുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. നേരത്തേ സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിനെതിരേയും ഗാര്‍ഗി അധിക്ഷേപ പോസ്റ്റിട്ടിരുന്നു. പെരിയാര്‍, എം. കരുണാനിധി, എം.കെ സ്റ്റാലിന്‍ എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ട്വീറ്റുകള്‍ പൊതുജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ പോസ്റ്റ് ചെയ്തതാണെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഡിഎംകെ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ കോയമ്പത്തൂരില്‍ നടന്ന ഒരു പരിപാടിയില്‍ ഉമാ ഗാര്‍ഗിയെ മികച്ച സോഷ്യല്‍മീഡിയ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് നല്‍കി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ആദരിച്ചിരുന്നു.

അതേസമയം, ഗാര്‍ഗിയുടെ അറസ്റ്റിനെ അപലപിച്ച് ബിജെപി രംഗത്തെത്തി. നടപടി ഡിഎംകെയുടെ ഭീരുത്വം വിളിച്ചറിയിക്കുന്നതാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.

Leave a Reply

Your email address will not be published.