കനത്ത മഴ; എറണാകുളത്തും കാസർകോടും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

Spread the love

കനത്ത മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോഡ് ജില്ലയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലക്ക് പുറമെ കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ പ്രവചിച്ചതോടെ, ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ കേരളത്തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തിയും തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തും സമീപ്രദേശങ്ങളിലും ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപക മഴയാണ് പ്രവചിക്കുന്നത്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനോട് സഹകരിക്കേണ്ടതാണെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

ബുധനാഴ്ച കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ഒഴികെ 12 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്.

Leave a Reply

Your email address will not be published.