ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Spread the love

കായംകുളം: കായംകുളത്ത് കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് തോപ്പുംപടി ഭാഗത്തേക്ക് പോയ ബസിനാണ് രാവിലെ ഒമ്ബതുമണിയോടെ തീ പിടിച്ചത്.

കായംകുളം ഡിപ്പോയില്‍ കയറി യാത്ര തുടരുന്നതിനിടെയാണ് അപകടം. യാത്രക്കാര്‍ സുരക്ഷിതരാണ്. ബസ് ദേശീയപാതയില്‍ എംഎസ്.എം കോളജിന് സമീപമെത്തിയപ്പോഴാണ് തീ പിടിച്ചത്.

ബസിന്റെ മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് സംശയം തോന്നിയ ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ തീ കണ്ടതോടെ യാത്രക്കാരെ മുഴുവന്‍ ഇറക്കി. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. കായംകുളം, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

അരമണിക്കൂറിലേറെ ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കായംകുളം, ഹരിപ്പാട്, കരിയിലകുളങ്ങര സ്‌റ്റേഷനുകളിലെ പോലീസ് എത്തി ഗതാഗതം നിയന്ത്രിക്കുകയാണ്. ദേശീയപാതയില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published.