എസ്.സി എസ്.ടി ക്കാര്‍ക്കൊപ്പം ഉച്ചഭക്ഷണമെന്ന് കെ.സുരേന്ദ്രന്റെ പദയാത്ര പോസ്റ്റര്‍; വിവാദമായതോടെ വെളുപ്പിക്കാന്‍ പാടുപെട്ട് ബി.ജെ.പി അധ്യക്ഷന്‍

Spread the love

തൃശൂര്‍: എസ്.സി എസ്.ടി ക്കാര്‍ക്കൊപ്പം ഉച്ചഭക്ഷണമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പദയാത്രയുടെ കോഴിക്കോട്ടെ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ നോട്ടിസ് വിവാദത്തില്‍.

വിവാദമായതോടെ വിശദീകരണവുമായി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയ പോസ്റ്ററുമായി ബന്ധപ്പെട്ട വാര്‍ത്ത ചിലയാളുകളുടെ ദുഷ്ടബുദ്ധിയില്‍ നിന്ന് ഉടലെടുത്തതാണെന്നാണ് സുരേന്ദ്രന്റെ വിശദീകരണം. മറ്റ് സമുദായ സംഘടനകള്‍ക്കൊപ്പവും താന്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്. കെപിഎംഎസില്‍ നിന്നടക്കം നിരവധി നേതാക്കള്‍ ബി.ജെ.പിയില്‍ എത്തുമെന്നും സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.

പദയാത്രയുടെ കോഴിക്കോട്ടെ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററില്‍ ഉച്ചഭക്ഷണം ‘എസ്.സിഎസ്.ടി നേതാക്കളും ഒന്നിച്ച്‌’ എന്നെഴുതിയതാണ് വിവാദമായത്. ബി.ജെ.പി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.വിവാദമായതോടെ എസ്.സി എസ്.ടി സെല്‍ നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണമെന്ന പോസ്റ്റര്‍ ബി.ജെ.പി കേരളം പേജില്‍ നിന്ന് നീക്കി.

അതിനിടെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയ്ക്കായി ഐ.ടി സെല്‍ പുറത്തിറക്കിയ ഔദ്യോഗിക ഗാനവും വിവാദമായി. ‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണമെന്നായിരുന്നു ഗാനത്തിലെ ഒരു വരി. വിവാദം കൊഴുത്തതോടെ ബി.ജെ.പി കേരളം പേജില്‍ നിന്ന് ഗാനവും ഒഴിവാക്കി. ബി.ജെ.പിയുടെ ഒരു സാമൂഹിക മാധ്യമ പേജുകളിലും ഇതിനി ഉണ്ടാവരുതെന്ന കര്‍ശന നിര്‍ദേശവും നേതൃത്വം നല്‍കിയിട്ടുണ്ട്. എന്നാല്‍ നീക്കം ചെയ്ത ശേഷവും സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. ശബ്ദമിശ്രണത്തില്‍ വന്ന പിഴവെന്നാണ് ഐ.ടി സെല്‍ ഭാരവാഹികള്‍ നല്‍കുന്ന വിശദീകരണം. ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഇന്നലെ ചേര്‍ന്ന പദയാത്രാ അവലോകന യോഗത്തില്‍ ഐ.ടി സെല്ലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇത് സംബന്ധിച്ച്‌ ഉണ്ടായത്.

Leave a Reply

Your email address will not be published.