എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി എസ് വിപിൻ; പി. അരുൺദേവ് പ്രസിഡൻ്റ്..

Spread the love

നാൽപ്പത്തിയേഴാം പാലക്കാട്‌ എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് സമാപനം. ജില്ലാ സെക്രട്ടറിയായി എസ് വിപിനേയും, ജില്ലാ പ്രസിഡൻ്റായി പി. അരുൺദേവിനെയും സമ്മേളനം തെരഞ്ഞെടുത്തു. ചെർപ്പുളശ്ശേരി ടൗണിൽ കൊടിയേരി ബാലകൃഷ്ണൻ നഗറിൽ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം എസ്എഫ്ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു.

മെയ് 28,29,30 തീയതികളിലായി നടന്ന സമ്മേളനത്തിന് മെയ് 28ന് വൻ വിദ്യാർത്ഥി പങ്കാളിത്തത്തോടെ നടന്ന റാലിയോടെയാണ് തുടക്കം കുറിച്ചത്. ജില്ലയിലെ 15 ഓളം ഏരിയ കമ്മിറ്റികളിൽ നിന്നായി 340 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. റോഷൻ നഗറിൽ വെച്ച് നടന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേരള സംസ്ഥാന സെക്രട്ടറി സി. എസ്. സുജാതയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ പ്രസിഡന്റ് പി. ജിഷ്ണു അധ്യക്ഷത വഹിച്ചു.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ മുന്നോട്ടു നയിക്കുന്നതിന് ആവശ്യമായ നിരവധി പ്രമേയങ്ങളും, ചർച്ചകളും നടന്ന സമ്മേളനത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം വി വിചിത്ര എന്നിവർ പങ്കെടുത്തു.ജില്ലാ സെക്രട്ടറി എസ് വിപിൻ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി പി എം ആർഷോ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ധീൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ, സംഘാടകസമിതി ചെയർമാൻ കെ. നന്ദകുമാർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Leave a Reply

Your email address will not be published.