സംസ്ഥാനത്ത് എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. കൊല്ലം കോർപറേഷൻ 65 കുടുംബങ്ങൾക്ക് ലൈഫ് പിഎംഎവൈ പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ കുളിർമ ഫ്ലാറ്റ് സമുച്ചയത്തിലെ 48 വീടുകളുടെ ഉദ്ഘാടനവും താക്കോൽ കൈമാറ്റവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലൈഫ് പദ്ധതിയിലൂടെ മാത്രം കേരളത്തിൽ 3,24,825 വീടുകൾ നിർമാണം പൂർത്തീകരിച്ചു. ഈ വർഷത്തോടെ നാലുലക്ഷം വീടുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യം സർക്കാർ കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി 10 ഏക്കറിൽ ഫ്ലാറ്റ് സമുച്ചയ നിർമാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കെഎസ്‌എഡിസി മാനേജിങ് ഡയറക്ടർ പി ഐ ഷേയ്ക്ക് പരീത്,സ്ഥിരംസമിതി അധ്യക്ഷരായ എസ് ഗീതാകുമാരി, എസ് ജയൻ, യു പവിത്ര, ജി ഉദയകുമാർ, ഹണി, എ കെ സവാദ്, എസ് സവിതാദേവി തുടങിയവർ പങ്കെടുത്തു.