എറണാകുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Spread the love

എറണാകുളം ചെറായിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ചെറായി സ്വദേശി കുറ്റിപ്പിള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ കൊലപ്പെടുത്തിയ ശേഷം കായലില്‍ ചാടി ആത്മഹത്യ ചെയ്തത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചെണ്ടമേളക്കാരനായ മകന്‍ ശരത്ത് മൂത്തകുന്നം ക്ഷേത്രത്തിലെ മേളം കഴിഞ്ഞ് പുലര്‍ച്ചെ 5.30ന് വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കിടപ്പുമുറിയില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ അയല്‍ക്കാരെയും പൊലീസിനെയും അറിയിച്ച് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലളിത മരിച്ചിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് മുനമ്പം സി.ഐ. എ. എല്‍. യേശുദാസിന്റെ നേതൃത്വത്തില്‍ പൊലീസ് വീട്ടിലും ആശുപത്രിയിലുമെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ആളെ കാണാനില്ലെന്ന വിവരമിഞ്ഞത്.

അതേസമയം, ഇയാളെ പുലര്‍ച്ചെ നാലുമണിയോടെ ചെറായി ദേവസ്വം നട കവലയില്‍ കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നടക്കാനിറങ്ങിയതാണെന്നാണ് ഇയാള്‍ ഇവരോട് പറഞ്ഞത്. ഇതിനിടയില്‍ ആറര മണിയോടെയാണ് ഒരാള്‍ ഫോര്‍ട്ടുകൊച്ചി റോ റോ ജങ്കാറില്‍ നിന്ന് ചാടി മരിച്ചതായി പൊലീസിനു വിവരം ലഭിച്ചത്.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കായലില്‍ ചാടി മരിച്ചത് ശശിയാണെന്ന് തിരിച്ചറിഞ്ഞത്. ലളിതയുടെ മൃതദേഹം പറവൂര്‍ താലൂക്കാശുപത്രിയിലും, ശശിയുടെ മൃതദേഹം ഫോര്‍ട്ടുകൊച്ചി ആശുപത്രിയിലുമാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. ശശിയ്ക്ക് 62 വയസ്സും ലളിതയ്ക്ക് 57 വയസ്സുമുണ്ട്. ശ്യാം ഇവരുടെ മൂത്ത മകനാണ്.

Leave a Reply

Your email address will not be published.