എന്‍സിപി പിളര്‍ന്നത് വേദനാ ജനകം, അജിത് എന്നും എന്‍റെ സഹോദരന്‍: സുപ്രിയ സുലെ

Spread the love

എന്‍സിപി പിളര്‍ന്നത് വേദനാ ജനകമെന്ന് പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ്  സുപ്രിയ സുലെ എം.പി. അജിത് പവാര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ നടന്ന അടിയന്തിര യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍.  1980 ലെ ചരിത്രം ആവര്‍ത്തിക്കുകയാണെന്നും ജനങ്ങള്‍ കൂടെയുണ്ടെന്നും അവര്‍ പറഞ്ഞു.

ശരത്പവാര്‍ നിര്‍വഹിച്ചിട്ടു‍ള്ള ഉത്തരവാദിത്വങ്ങള്‍ പ്രചോദനമാണ്. പാര്‍ട്ടിയെ തിരികെ കൊണ്ടുവരാൻ ശക്തമായി പോരാടും. അജിത് പവാര്‍ തിരികെ വന്നാല്‍ വലിയ സന്തോഷം. നമ്മള്‍ എന്നും ഒരു കുടുംബമായിട്ടാണ് നിന്നിട്ടുള്ളത്. അജിത് പവാറുമായി സംസാരിച്ചെന്നും അക്കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അവര്‍ പറഞ്ഞു.

കാര്യങ്ങള്‍ ഭാവിയില്‍ എത്തരത്തില്‍ ചുരുള‍ഴിയുമെന്ന് കാണാം. അജിത് പവാര്‍ എപ്പോ‍ഴും എനിക്ക് എന്‍റെ സഹോദരനാണ്. എന്‍സിപി കുടുംബ പാര്‍ട്ടിയല്ല. എന്നാല്‍ ശരത് പവാര്‍ സ്വന്തം കുടുംബം പോലെ എല്ലാവരെയും ഒരു പോലെ കണ്ടു. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ആളുകള്‍ക്ക് അവരുടെ താത്പര്യമനുസരിച്ച് പ്രവര്‍ത്തിക്കാമെന്നും കൂടുതലൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ പറഞ്ഞു.

ഞായറാ‍ഴ്ച് ഉച്ചക‍ഴിഞ്ഞ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ടാണ് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും എന്‍സിപിയുടെ ഏറ്റവും പ്രധാന നേതാക്കളിലൊരാളുമായ അജിത് പവാര്‍ ബിജെപി പാളയത്തിലേക്ക് ചാടിയ വിവരം പുറത്താകുന്നത്. ചരടുവലികളെല്ലാം അതീവ രഹസ്യമായിരുന്നു. ഒരുതരത്തിലുള്ള സൂചനകളും ലഭിച്ചിരുന്നില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതികരിച്ചത്.

മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാര്‍ തനിക്കൊപ്പം 29 എന്‍സിപി എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പ്രഖ്യാപിച്ചു ക‍ഴിഞ്ഞു. എന്‍സിപി എന്ന പാര്‍ട്ടി തനിക്കൊപ്പമാണെന്നും അജിത് അവകാശപ്പെട്ടു. എന്‍സിപിക്ക് നിലവില്‍ 54 എംഎല്‍എമാരാണുള്ളത്. എംഎല്‍എമാരുടെ നിലപാടുകളാണ് ഇനി പ്രധാനം.

Leave a Reply

Your email address will not be published.