ഉറുമി ജലവൈദ്യുത പദ്ധതി: വൈദ്യുതോത്പാദനം പുനരാരംഭിക്കാൻ ഒരു വർഷമെങ്കിലും വേണ്ടിവരുമെന്ന് കെ എസ് ഇ ബി

Spread the love

ഉറുമി ജലവൈദ്യുത പദ്ധതിയിൽ നിന്നുള്ള വൈദ്യുതോത്പാദനം പുനരാരംഭിക്കാൻ ഒരു വർഷമെങ്കിലും വേണ്ടിവരുമെന്ന് കെ എസ് ഇ ബി. പെൻസ്റ്റോക്ക് പൈപ്പ് മുഴുവൻ മാറ്റേണ്ടതുണ്ടോ എന്നതിൽ വിദഗ്ധ പരിശോധന നടത്തും. പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി ഉത്പാദനം നിർത്തിവെച്ച ഉറുമി പവർ സ്റ്റേഷൻ ലിൻ്റോ ജോസഫ് എം എൽ എ സന്ദർശിച്ചു.

ചൊവ്വാഴ്ച്ച വൈകീട്ടാണ് ഉറുമി ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിയത്. പവർ ഹൗസിനോട് ചേർന്നാണ് പൊട്ടൽ എങ്കിലും പെൻസ്റ്റോക്ക് പൈപ്പ് മുഴുവൻ മാറ്റേണ്ടതുണ്ടോ എന്നത് പരിശോധിക്കാനാണ് കെ എസ് ഇ ബി തീരുമാനം. അങ്ങനെ വന്നാൽ 197 മീറ്റർ പെൻസ്റ്റോക്ക് പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടി വരും. ജൂൺ മുതൽ ഡിസംബർ വരെയാണ് ഉറുമി പദ്ധതിയുടെ പ്രവർത്തനം എന്നതിനാൽ ഈ വർഷത്തെ ഉത്പാദനം പൂർണ്ണമായും മുടങ്ങും.

മണിക്കൂറിൽ 2400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രണ്ടാം ഘട്ട പദ്ധതിയാണ് നിർത്തിവെച്ചത്. ഇവിടെ നിന്നുള്ള ഒന്നാം ഘട്ട പദ്ധതിയുടെ വിതരണം ഒരാഴ്ചക്കകം പുനസ്ഥാപിക്കാൻ കഴിയുമെന്ന് കെ എസ് ഇ ബി അറിയിച്ചു. ഉറുമി പവർ സ്റ്റേഷൻ ലിൻ്റോ ജോസഫ് എം എൽ എ സന്ദർശിച്ചു. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

പെൻ സ്റ്റോക്ക് പൈപ്പ് പൊട്ടി പവർ ഹൗസിലും   കൺട്രോൾ റൂമിലും ജനറേറ്റർ റൂമിലും വെള്ളം കയറി വലിയ  നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വെള്ളത്തിന്റെ ശക്തമായ സമ്മർദ്ദമാണ് പെൻ സ്റ്റോക്ക് പൈപ്പ് പൊട്ടാൻ കാരണമായതെന്നാണ് കരുതുന്നത്. പെൻസ്റ്റോക് മാറ്റി സ്ഥാപിക്കാനായി ഏതാണ്ട് 50 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ . ഒപ്പം കൺട്രോൾ റൂമിലുണ്ടായ നാശനഷ്ടങ്ങളും പരിഹരിക്കണം.

Leave a Reply

Your email address will not be published.