ഉമ്മൻചാണ്ടിയെ കാണാൻ വൻ ജനക്കൂട്ടം; ഇനിയും തിരുനക്കരയെത്താതെ ഭൗതികശരീരം

Spread the love

ഉമ്മൻചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനക്കൂട്ടം. ഇന്നലെ രാത്രി തിരുനക്കരയിലേക്ക് എത്തേണ്ട വിലാപയാത്ര നിലവിൽ പെരുന്നയിലാണ് ഉള്ളത്. അന്ത്യാഞ്ജലി അർപ്പിക്കാൻ ജനക്കൂട്ടം ഒഴുകിയെത്തിയതോടെ നേരത്തെ നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റി. നിലവിൽ രാവിലെ എട്ട് മണിയോടെ ഭൗതികശരീരവുമായി തിരുനക്കരയിലേക്ക് എത്താനാകുമെന്നാണ് കണക്കുകൂട്ടുന്നത്

കോട്ടയം ഡി സി സിയിൽ അൽപ്പനേരം പൊതുദർശനത്തിന് വെച്ച ശേഷമാകും ഭൗതികശരീരം തിരുനക്കരയിലേക്കും തുടർന്ന് പുതുപ്പള്ളിയിലെ വീട്ടിലേക്കും കൊണ്ടുപോകുക. തിരുനക്കരയിൽ പൊതുദർശനത്തിനായുള്ള സൗകര്യങ്ങൾ ഇന്നലെമുതൽ തയ്യാറാക്കിവെച്ചിട്ടുണ്ട്. നിലവിൽ വിലാപയാത്ര വൈകുന്നതോടെ സംസ്കാരവും വൈകാനാണ് സാധ്യത.

അതേസമയം, ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യാഭിലാഷം എന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇക്കാര്യം ജർമനിയില്‍ ചികിത്സയ്ക്ക് പോകും മുന്‍പ് ഭാര്യ മറിയാമ്മ ഉമ്മനെ അറിയിച്ചിരുന്നു. പിതാവിന്‍റെ അന്ത്യാഭിലാഷമായിരുന്നു അത്. അത് നിറവേറ്റും. ഇത് കത്തായി സര്‍ക്കാരിന് നല്‍കിയതായും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published.