ഇലക്ടറല്‍ ബോണ്ടിന്റെ നിയമസാധുത; സുപ്രീം കോടതി വിധി ഇന്ന്

Spread the love

ന്യുഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് സംഭാവന ചെയ്യുന്നതിനായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി പേര് വെളിപ്പെടുത്താതെ കോര്‍പറേറ്റുകള്‍ക്കും വ്യക്തികള്‍ക്കും ഇലക്ടറല്‍ ബോണ്ട് വാങ്ങാന്‍ അനുമതി നല്‍കുന്നതിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും.

ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഈ വിഷയത്തില്‍ സമര്‍പ്പിച്ച ഒരുപിടി ഹര്‍ജികളില്‍ വിധി പറയുക. കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിന് വാദം പൂര്‍ത്തിയായ കേസില്‍ ഇന്ന് വിധി പറയാനായി മാറ്റുകയായിരുന്നു.

2018 ജനുവരി രണ്ടിനാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണമായി സംഭാവന നല്‍കുന്നതിന് പകരം ഇലക്ടറല്‍ ബോണ്ട് പദ്ധതി കൊണ്ടുവന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഫണ്ടിംഗില്‍ സുതാര്യത വരുത്തുന്നതിനാണ് ഈ നടപടിയെന്നാണ് കേന്ദ്രനിലപാട്. ഇതുപ്രകാരം, ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിക്കും രാജ്യത്ത് വ്യവസ്ഥാപിതമായ ഏതൊരു സ്ഥാപനത്തിനും ഒറ്റയ്‌ക്കോ കൂട്ടായോ ബോണ്ട് വാങ്ങാന്‍ സാധിക്കും.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷണ്‍ന്‍ 29എ പ്രകാരം രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളായിരിക്കണം. തൊട്ടുമുന്‍പ് നടന്ന ലോക്‌സഭാ/ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് ഒരു ശതമാനമെങ്കിലും വോട്ട് നേടിയ പാര്‍ട്ടി ആണെങ്കില്‍ മാത്രമേ ഇത്തരത്തില്‍ ബോണ്ട് സ്വീകരിക്കാന്‍ യോഗ്യതയുണ്ടാവൂ. ഏതെങ്കിലും അംഗീകൃത ബാങ്കിലെ അക്കൗണ്ട് വഴിയായിരിക്കണം ബോണ്ട് വാങ്ങേണ്ടത്.

2019 ഏപ്രില്‍ ആണ് ഈ പദ്ധതി ചോദ്യം ചെയ്ത കോണ്‍ഗ്രസും സിപിഎമ്മും എന്‍ജിഒ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയും കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published.