ഇന്നലെ മരണപ്പെട്ട് ഇന്ന് നാട്ടിലേക്കയച്ച ഒരു പ്രവാസി യുവാവിന്റെ സങ്കടകരമായ അവസ്ഥ എന്നെ ഏറെ സങ്കടപ്പെടുത്തി. ഒഴിവ് ദിവസമായ ഇന്നലെ കൂട്ടുകാരുമൊത്ത് പതിവ് പോലെ കളിക്കാൻ പോയതായിരുന്നു നാല്പത് കാരനായ ഈ ചെറുപ്പക്കാരൻ. കളിക്കുന്നതിനിടെ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. വീട്ടിലെത്തിയതോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബവുമായി ജിവിക്കുന്ന ഇദ്ദേഹം എത്രയും പെട്ടന്ന് അടുത്തുള്ള ആശുപത്രിയിൽ വൈദ്യ സഹായം തേടി. ദൈവത്തിൻറെ അലംഘനീയമായ വിധി വന്നെത്തി ഇദ്ദേഹത്തെ മരണത്തിന്റെ മാലാഖ വന്ന് കൂട്ടിക്കൊണ്ട് പോയി. ഈ ചെറുപ്പക്കാരൻ മരണത്തിന് കീഴടങ്ങി. കൂടെ കളിച്ചവർക്കും സുഹൃത്തുക്കൾക്കും പെട്ടന്നുള്ള ഈ വിവരം വിശ്വസിക്കാനേ കഴിഞ്ഞില്ല. ഇദ്ദേഹത്തിന് മൂന്ന് കുഞ്ഞു മക്കളാണ്. ഭാര്യ ഇളയമകളെ പ്രസവിച്ചിട്ട് നാല്പത് ദിവസമേ ആയിട്ടുള്ളൂ. പ്രസവവും കഴിഞ്ഞ് ഭാര്യ മക്കളേയും കൂട്ടി ഒരാഴ്ച്ച മുൻപ് മാത്രമാണ് യു എ ഇ യിലേക്ക് തിരിച്ചുവന്നത്. കുടുംബത്തിലേക്ക് പുതിയൊരു കുഞ്ഞുവാവയേയും കൊണ്ട് ഭാര്യ ഇവിടുത്തെ വീട്ടിലേക്ക് വന്നതിന്റെ സന്തോഷത്തിലായിരുന്നു ഈ യുവാവ്. സന്തോഷത്തിന്റെ സുദിനങ്ങൾക്കിടെ കുടുംബനാഥൻ ഏവരെയും ദുഃഖത്തിലാഴ്ത്തി മരണത്തിലേക്ക് യാത്രയായി. മരണപ്പെട്ട സ്വന്തം പിതാവിനെ കാണാൻ ആശുപത്രിയിൽ വന്ന ആ പിഞ്ചുമക്കൾ അറിയുന്നു പോലുമില്ല എന്താണ് സംഭവിച്ചതെന്ന്. പിതാവ് വിട പറഞ്ഞത് പോലും തിരിയാത്ത ആ പിഞ്ചു മക്കളെ കണ്ടപ്പോൾ ഹൃദയം തകർന്ന് പോയി. കണ്ട് നിൽക്കാൻ പോലുമാകാത്ത അവസ്ഥ. ദിനം പ്രതി നിരവധി മരണങ്ങൾ കാണാറുണ്ടെങ്കിലും ചില മരണങ്ങൾ മനസ്സിനെ വല്ലാതെ കോറി വലിക്കും. ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ കുടുംബം കൂട്ടുക്കാർ തുടങ്ങിയവർക്ക് എങ്ങിനെ സഹിക്കാനാകും എന്ന് ഏറെ നേരം ചിന്തിച്ച് ഒരുപിടിയും കിട്ടുന്നില്ല. മരണം ഒരുനാൾ നമ്മേയും തേടി വരും. എന്നാലും ഇതുപോലെ സങ്കടകരമായ അവസ്ഥ ബാക്കിയായി യാത്രയാകുന്നത് കാണുമ്പോൾ മനസ്സ് തകർന്ന് പോവുകയാണ്.

Spread the love

വിടപറഞ്ഞു പോയ ചെറുപ്പക്കാരനായ പ്രിയ സഹോദരന് പടച്ചവൻ മഗ്ഫിറത്തും മര്ഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ… പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

Ashraf Thamarasery

Leave a Reply

Your email address will not be published.