ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീമിൽ ഇടം നേടിയ മലയാളി മിന്നു മണിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Spread the love

ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ട്വന്‍റി20 ടീമിൽ ഇടം നേടിയ മലയാളി മിന്നു മണിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയാണ് മിന്നു മണി.

ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീമിൽ ഇടം നേടി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മിന്നു മണി. ആദ്യമായാണ് ഇന്ത്യയുടെ സീനിയർ ടീമിൽ മിന്നു മണിക്ക് അവസരം ലഭിക്കുന്നത്. വനിതാ വിഭാഗം ഐപിഎൽ കളിക്കുന്ന ആദ്യ മലയാളി കൂടിയാണ് ഈ വയനാട്ടുകാരി. മിന്നുവിന് അഭിനന്ദനങ്ങൾ. ക്രിക്കറ്റ്‌ ലോകത്ത് ഇനിയും വലിയ നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു – അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വർഷമായി കേരള ടീമുകളിൽ സ്ഥിരാംഗമാണ്. 2019ൽ ബംഗ്ലദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിൽ അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയർ ചാംപ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്. വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ്.

കേരളത്തിൽനിന്ന് ഇന്ത്യൻ സീനിയർ ടീമിലെത്തുന്ന ആദ്യ വനിതാ താരമാണ് മിന്നു മണി. മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലദേശിനെതിരെ കളിക്കുന്നത്. മിർപൂരിലാണ് മത്സരങ്ങൾ.

ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന, ദീപ്തി ശർമ, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമന്‍ജ്യോത് കൗർ, എസ്. മേഘ്ന, പൂജ വസ്ത്രകാർ, മേഘ്ന സിങ്, അഞ്ജലി സർവാനി, മോണിക പട്ടേൽ, റാഷി കനോജിയ, അനുഷ ബറേദി, മിന്നു മണി.

Leave a Reply

Your email address will not be published.