ആള്‍ദൈവം’ ചമഞ്ഞ് തട്ടിയത് 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷവും; ‘തിരികെ ചോദിച്ചപ്പോള്‍ കുരുതി കൊടുക്കുമെന്ന് ഭീഷണി

Spread the love

വെള്ളായണിയില്‍ ആള്‍ദൈവം ചമഞ്ഞ് കുടുംബത്തെ കബളിപ്പിച്ച് യുവതി തട്ടിയെടുത്തത് 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷവും. വെള്ളായണി സ്വദേശിയായ വിശ്വംഭരന്റെ കുടുംബത്തെ കബളിപ്പിച്ചാണ് ആൾദൈവം ചമഞ്ഞ് വിദ്യയും സംഘവും വന്‍ കവര്‍ച്ച നടത്തിയത്.

കുടുംബത്തിലെ ശാപം മാറ്റാം എന്ന വ്യാജേനയാണ് കളിയിക്കാവിള സ്വദേശിനിയായ വിദ്യയും സംഘവും വിശ്വംഭരന്റെ കുടുംബത്തെ സമീപിച്ചത്. തെറ്റിയോട് ദേവിയെന്നാണ് ഇവര്‍ സ്വയം അവകാശപ്പെടുന്നത്. 2021ലാണ് വിദ്യയും സംഘവും പൂജക്കായി വിശ്വംഭരന്റെ വീട്ടിലെത്തിയത്. സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയില്‍ പൂട്ടിവച്ച് പൂജിച്ചാല്‍ ഫലം ലഭിക്കുമെന്നാണ് വിശ്വംഭരന്റെ കുടുംബത്തെ വിദ്യ പറഞ്ഞ് വിശ്വസിപ്പിച്ചത്.

ഇത് അനുസരിച്ച് വിശ്വംഭരന്‍ പണവും സ്വര്‍ണവും പൂജാമുറിയിലെ അലമാരയില്‍ വച്ച് പൂട്ടി. പതിനഞ്ച് ദിവസം കഴിഞ്ഞ് തുറന്നാല്‍ മതിയെന്ന നിര്‍ദേശവും വിദ്യ നല്‍കി. 15 ദിവസത്തിന് മുന്‍പ് കയറിയാല്‍ ഇരട്ടത്തലയുള്ള പാമ്പ് കടിക്കുമെന്നും വിശ്വസിപ്പിച്ചു. എന്നാല്‍ 15 ദിവസം കഴിഞ്ഞപ്പോള്‍ വിദ്യ വന്നില്ല. വിവരം അന്വേഷിച്ചപ്പോള്‍ ശാപം അവസാനിക്കാറായിട്ടില്ലെന്നും മൂന്നു മാസം കൂടി കാത്തിരിക്കാനായിരുന്നു നിര്‍ദേശം.

മൂന്നും കഴിഞ്ഞ് ഒരു വര്‍ഷമായപ്പോള്‍ വിശ്വംഭരന്‍ സംശയം തോന്നി അലമാര തുറന്നപ്പോള്‍ സ്വര്‍ണവുമില്ല, പണവുമില്ല. ഇതോടെ കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് വിദ്യയെ വിളിച്ച് സ്വര്‍ണവും പണവും തിരികെ ചോദിച്ചപ്പോള്‍ കുടുംബത്തെ ഒന്നാകെ കുരുതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിശ്വംഭരന്‍ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published.