ആളുകളെ വിളിച്ചുകയറ്റുന്ന ബസുമായി കെഎസ്ആര്‍ടിസി.

Spread the love

യാത്രക്കാരെ വിളിച്ചുകയറ്റാനുള്ള അനൗണ്‍സ്‌മെന്റ് സൗകര്യത്തോടെയുള്ള ബസ് നിരത്തിലിറക്കി കെഎസ്ആര്‍ടിസി. ഇത്തരത്തിലുള്ള 131 പുതിയ കെ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകളാണ് കെഎസ്ആര്‍ടിസി റോഡിലിറക്കാന്‍ പോകുന്നത്. തൈക്കാട് പൊലീസ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കെഎസ്ആര്‍ടിസി നല്ല രീതിയില്‍ അഭിവൃദ്ധിപ്പെടണമെന്നാണ് നാട് ആഗ്രഹിക്കുന്നതെന്നും ഇതിന് സര്‍ക്കാര്‍ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ബസുകള്‍ വാങ്ങിനല്‍കും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡ്രൈവര്‍ക്കാണ് ബസിലെ അനൗണ്‍സ്‌മെന്റ് ചുമതല. ബസ് സ്റ്റാന്‍ഡുകളില്‍ മാത്രമല്ല, സ്റ്റോപ്പുകളിലും ഇവ ഉപയോഗിക്കാം. പുറത്തെ ബോഡിയിലാണ് ഉച്ചഭാഷിണി. സുരക്ഷക്കായി അഞ്ച് കാമറ, എല്ലാ സീറ്റിലും ചാര്‍ജിങ് യൂനിറ്റ്, ജിപിഎസ്, ബസിനെ നിരീക്ഷിക്കാന്‍ ഐ-അലര്‍ട്ട് അടക്കം അത്യാധുനിക സംവിധാനങ്ങളുമുണ്ട്.

12 മീറ്ററാണ് ബസിന്റെ നീളം. 55 സീറ്റാണുള്ളത്. ട്യൂബ്ലെസ് ടയറുകളാണ് മറ്റൊരു പ്രത്യേകത. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ടി.വിയുമുണ്ട്. അശോക് ലെയ്‌ലാന്‍ഡ് ഷാസിയില്‍ ബംഗളൂരു ആസ്ഥാനമായ കമ്പനിയാണ് ബോഡി നിര്‍മിച്ചത്.

പുതിയ ബസുകളുടെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ മന്ത്രിമാരായ ആന്റണി രാജു, ജി.ആര്‍. അനില്‍, ഗതാഗത കമീഷണര്‍ എസ്. ശ്രീജിത്ത്, കൗണ്‍സിലര്‍ മാധവദാസ്, പ്രമോജ് ശങ്കര്‍, ജി.പി. പ്രദീപ്കുമാര്‍, ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.