ആറ് മണ്ഡലങ്ങളില്‍ തിരിച്ചടി ഭയം; എംപിമാരെ മാറ്റി പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്

Spread the love

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങള്‍ സുരക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. പത്തനംതിട്ട, മാവേലിക്കര, ചാലക്കുടി, തൃശ്ശൂർ, പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളില്‍ ആണ് കോണ്‍ഗ്രസ് തിരിച്ചടി ഭയക്കുന്നത് .

മണ്ഡലങ്ങളിലെ സംഘടനാ തലത്തിലെ പ്രശ്നങ്ങളും സ്ഥാനാർഥികളും തിരിച്ചടിയുടെ ഘടകങ്ങളായി വിലയിരുത്തുന്നു. ന്യൂനപക്ഷങ്ങള്‍ അത്രകണ്ട് കോണ്‍ഗ്രസിനൊപ്പം ഇല്ല, യുവ വോട്ടർമാരെ സ്വാധീനിക്കാൻ ആയിട്ടില്ല എന്നിവ അടക്കമുള്ള കാര്യങ്ങളും ജയസാധ്യത കുറയ്ക്കുമെന്നും ആശങ്കയുണ്ട്.

തിരിച്ചടി ഭയക്കുന്ന ചില മണ്ഡലങ്ങളില്‍ പകരക്കാരെ ഇറക്കിയാല്‍ നില മെച്ചപ്പെടുത്താൻ പറ്റുമോ എന്ന ആലോചന ഉണ്ടെങ്കിലും അന്തിമ തീരുമാനം ഹൈക്കമാന്റില്‍ നിന്നു ഉണ്ടാകും. പത്തനംതിട്ട മാവേലിക്കര തൃശ്ശൂർ മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാരെ മാറ്റിയാല്‍ പകരക്കാരുണ്ട്. യൂത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷൻ അബിൻ വർക്കി, കെപിസിസി വൈസ് പ്രസിഡണ്ട്മാരായ പി പി സജീന്ദ്രൻ, വി ടി ബല്‍റാം എന്നിവരാണ് ഈ മണ്ഡലങ്ങളില്‍ പരിഗണനയില്‍ ഉള്ളവർ.സിറ്റിംഗ് എം പിമാർ സജീവമായി കഴിഞ്ഞ ഈ ഘട്ടത്തില്‍ ഒരു മാറ്റം എങ്ങനെ എന്നതും ആലോചിക്കുന്നുണ്ട്. വയനാട് രാഹുല്‍ഗാന്ധി വീണ്ടും എത്തുമോ എന്നത് ആശ്രയിച്ചായിരിക്കും ബാക്കി മണ്ഡലങ്ങളിലെ അന്തിമ തീരുമാനം .

അടിയന്തരമായി തിരുവനന്തപുരത്ത് എത്തിയ കെ സി വേണുഗോപാല്‍ വിളിച്ച യോഗത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനഗോലു, കേരളത്തിന്റെ ചുമതല ഉള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെപിസി അധ്യക്ഷൻ കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്ക് ഒപ്പം കേരളത്തിലെ മുതിർന്ന നേതാക്കളും പങ്കെടുത്തു.

Leave a Reply

Your email address will not be published.