ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി കണ്ണൂരിലെത്തി. ഫുട്ബോൾ താരം സി കെ വിനീതിന്റെ നേതൃത്വത്തിൽ കതിരൂർ ബാങ്ക് ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനത്തിനാണ് സുനിൽ ഛേത്രി എത്തിയത്
.ലോകകപ്പ് ഫുട്ബോളിൽ താൻ ഇത്തവണ അർജ്ജന്റീനയ്ക്ക് ഒപ്പമാണെന്ന പ്രഖ്യാപനം ആരവങ്ങളോടെയാണ് അർജ്ജന്റീന ആരാധകർ സ്വീകരിച്ചത്.
ലോകകപ്പ് ഫുട്ബോൾ ആരവങ്ങൾ കേരളത്തിലും ഉയരുന്നതിനിടെയാണ് ആരാധകർക്ക് ആവേശമായി സുനിൽ ഛേത്രി കണ്ണൂരിലെത്തിയത്.ആർപ്പ് വിളിയും ആരവുമായാണ് ആരാധകർ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസത്തെ സ്വീകരിച്ചത്.തിങ്ങിനിറഞ്ഞ ഫുട്ബോൾ ആരാധകരോട് ലോകകപ്പിലെ ഇഷ്ട ടീം ഏതെന്നായിരുന്നു ഛേത്രിയുടെ ചോദ്യം.സദസ്സിൽ നിന്നും ബ്രസീലിനും അർജ്ജന്റീനയ്ക്കും വേണ്ടി ആർപ്പ് വിളികൾ ഉയർന്നപ്പോൾ അർജ്ജന്റീന ആരാധകരെ ആവേശത്തിലാക്കി ഛേത്രിയുടെ പ്രഖ്യാപനം.താൻ ഇത്തവണ അർജ്ജന്റീനയ്ക്കൊപ്പം.
മിനി ഗോൾ പോസ്റ്റിലേക്ക് പന്ത് തട്ടിയാണ് ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.തുടർന്ന് കയ്യൊപ്പ് ചാർത്തിയ ഫുട്ബോളുകൾ ആരാധകർക്ക് എറിഞ്ഞുകൊടുത്തു.ഗോളടിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മെസ്സിക്കും പിന്നാലെ ലോക റാങ്കിങ്ങിൽ മൂന്നാമതാണ് സുനിൽ ഛേത്രിയുടെ സ്ഥാനം.
ആ ഇതിഹാസ താരത്തെ നേരിട്ട് കാണാനായതിന്റെ സന്തോഷത്തിലായിരുന്നു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങൾ. കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് F13 എന്ന പേരിൽ ഫുട്ബോൾ അക്കാദമി തുടങ്ങിയത്.