അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

Spread the love

അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. പ്രദേശവാസികളുടെ അഭിപ്രായത്തിനും ആശങ്കകള്‍ക്കുമായിരിക്കും റിപ്പോര്‍ട്ടില്‍ മുന്‍തൂക്കം നല്‍കുകയെന്ന് അമിക്കസ്‌ക്യൂറി എസ് രമേശ് ബാബു പറഞ്ഞു. ഹൈക്കോടതിയായിരിക്കും അരിക്കൊമ്പന്‍ വിഷയത്തില്‍ അന്തിമ നിലപാടെടുക്കുക.

ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രദേശവാസികളുമായും ജനപ്രതിനിധികളുമായും സമിതി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് കൊച്ചിയില്‍ അമിക്കസ്‌ക്യൂറി രമേശ് ബാബുവിന്റെ വസതിയില്‍ യോഗം ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും എല്ലാം ക്രോഡീകരിച്ചുളള റിപ്പോര്‍ട്ടാകും ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയെന്ന് അമിക്കസ്‌ക്യൂറി രമേശ് ബാബു പറഞ്ഞു. പ്രദേശവാസികളുടെ ആശങ്കകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായിരിക്കും മുന്‍തൂക്കം നല്‍കുകയെന്നും അമിക്കസ്‌ക്യൂറി വ്യക്തമാക്കി.

അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വെച്ച് പിടികൂടുന്നതിനോട് യോജിക്കാത്തതിനെ തുടര്‍ന്നാണ് വിഷയം പഠിക്കാനായി ഹൈക്കോടതി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിനു ശേഷം ആനയെ പിടിച്ച് മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കോടതി. എന്നാല്‍ അരിക്കൊമ്പനെ പിടികൂടുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്താനായിരുന്നു വനം വകുപ്പും സര്‍ക്കാരും ശ്രമിച്ചത്. അതിനാല്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അരിക്കൊമ്പന്റെ കാര്യത്തില്‍ ഏറെ നിര്‍ണായകമാണ്.

Leave a Reply

Your email address will not be published.