
തമിഴ്നാട് സര്‍ക്കാര്‍ പിടികൂടി കേരള അതിർത്തിയോടു ചേർന്ന് തുറന്ന് വിട്ട അരിക്കൊമ്പന്‍ പൂർണ്ണ ആരോഗ്യവാനെന്ന് റിപ്പോര്‍ട്ട്. കോതയാർ ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് വെള്ളം കുടിക്കുന്ന ദൃശ്യങൾ കൈരളി ന്യൂസിന് ലഭിച്ചു. ആന കന്യാകുമാരിയിലേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്. ദൗത്യ സംഘം ഇപ്പോഴും ആനയെ നിരീക്ഷിച്ച് വരികയാണ്.
തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട്–മുണ്ടൻതുറെ കടുവസങ്കേതത്തിനുള്ളിലെ അപ്പർ കോതയാർ വനമേഖലയിലാണ് അരിക്കൊമ്പനെ തമിഴനാട് വനം വകുപ്പ് തുറന്നുവിട്ടത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ആനയെ വനത്തിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനായി ‘അനിമൽ ആംബുലൻസിൽ’ തന്നെ നിർത്തി. വനംവകുപ്പിന്‍റെ വെറ്ററിനറി വിദഗ്ധസംഘം പച്ചക്കൊടി നൽകിയതോടെ ഇന്നലെ രാവിലെ എട്ടോടെ തുറന്നുവിട്ടു.
ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പുതിയ സ്ഥലത്ത് ആനയ്ക്കാവശ്യമായ വെള്ളവും ഭക്ഷ്യവസ്തുക്കളും ലഭ്യമാണെന്നും തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് ആർ.റെഡ്ഡി അറിയിച്ചിരുന്നു. ഒരാഴ്ച ആനയുടെ നീക്കങ്ങളും ആരോഗ്യസ്ഥിതിയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ 5നു പുലർച്ചെയാണു മയക്കുവെടിയുതിർത്ത് കമ്പത്തുനിന്ന് അരിക്കൊമ്പനെ പിടികൂടിയത്. തുമ്പിക്കൈ, കാലുകൾ എന്നിവിടങ്ങളിലെ മുറിവിനു പ്രത്യേക ചികിത്സ നൽകിയാണു തിരുനെൽവേലിയിലെത്തിച്ചത്.
