ശബരിമലയിലെ പ്രസാദമായ അരവണ നിറക്കുന്ന ടിന്ന് (കാന്‍) യഥാസമയം ലഭ്യമാക്കാത്തതിന് കരാര്‍ കമ്പനിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ആവശ്യാനുസരണം ടിന്ന് വിതരണം ചെയ്യാന്‍ കഴിയില്ലായിരുന്നെങ്കില്‍ കരാര്‍ ഏറ്റെടുക്കരുതായിരുന്നെന്ന് ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി. ജി അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇനിയും വീഴ്ച വരുത്തുന്നത് അദുവദിക്കാനാവില്ലെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
കരാറുകാരന്‍ ടിന്നുകള്‍ ആവശ്യത്തിന് എത്തിക്കാത്തത് സംബന്ധിച്ച് സ്‌പെഷ്യല്‍ കമീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഇടപെടല്‍. 50 ലക്ഷം ടിന്നുകള്‍ നല്‌കേണ്ടിടത്ത് നവംബര്‍ 18 വരെ കരാറുകാരന്‍ എട്ട് ലക്ഷം മാത്രമാണ് നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. സ്‌പെഷ്യല്‍ കമീഷണറുടെ റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ കരാറുകാരനും ദേവസ്വം ബോര്‍ഡും സമയം തേടി. തുടര്‍ന്ന് ഹരജി വീണ്ടും 28ന് പരിഗണിക്കാനായി ഡിവിഷന്‍ബെഞ്ച് മാറ്റി.
അതേസമയം, ശബരിമല ദര്‍ശനത്തിനായി ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തുമെന്നറിയിച്ച് സ്വകാര്യ സ്ഥാപനം പരസ്യം നല്‍കിയ സംഭവത്തില്‍ വിശദീകരണത്തിന് മറുപടി നല്‍കാന്‍ കേന്ദ്രവും ദേവസ്വം ബോര്‍ഡും സമയം തേടി. ഇതേ തുടര്‍ന്ന് ഹരജി നവംബര്‍ 29ന് പരിഗണിക്കാനായി ദേവസ്വം ബെഞ്ച് മാറ്റി. ‘ഹെലികേരള’ എന്ന വെബ്‌സൈറ്റില്‍ വന്ന പരസ്യം ശ്രദ്ധയില്‍പ്പെട്ട കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിഷയം ചെറുതായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹെലികോപ്റ്റര്‍ സര്‍വീസുമായി ബന്ധപ്പെട്ട് ശബരിമലയുടെ പേര് ഉപയോഗിക്കരുതെന്ന് കമ്പനിക്ക് നിര്‍ദേശവും നല്‍കി.