‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍

Spread the love

അമ്മയുടെ 29ാമത് ജനറല്‍ബോഡി യോഗമാണ് ഞായറാഴ്ച്ച കൊച്ചിയില്‍ ചേരുന്നത്. അമ്മയില്‍ ഈയിടെ അംഗത്വം ലഭിച്ച യുവതാരങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും. പുതിയ അംഗത്വത്തിനായി 20ഓളം അപേക്ഷകളാണ് നേതൃത്വത്തിന് ലഭിച്ചത്. ഇതില്‍ ഭൂരിഭാഗം അപേക്ഷകളും അംഗീകരിച്ചിരുന്നു.

എന്നാല്‍ ശ്രീനാഥ് ഭാസിയുടെ അപേക്ഷയില്‍ ഇതുവരെ തീരുമാനമായില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച്ച എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നെങ്കിലും അംഗത്വം നല്‍കുന്നതില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നതിനാല്‍ തല്‍ക്കാലം അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്നാണ് ശ്രീനാഥ് ഭാസി അംഗത്വത്തിനായി അമ്മ നേതൃത്വത്തിന് അപേക്ഷ നല്‍കിയത്. നേരത്തെ ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അമ്മ ഇടപെട്ട് പരിഹരിച്ചിരുന്നു. കൂടാതെ ഷെയ്‌ന് അമ്മയില്‍ അംഗത്വവും നല്‍കിയിരുന്നു.അതേ സമയം സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ഈയടുത്ത കാലത്തുയര്‍ന്ന വിവാദങ്ങളും ജനറല്‍ബോഡിയോഗത്തില്‍ ചര്‍ച്ചയാകും. അമിതമായ ലഹരി ഉപയോഗത്തെത്തുടര്‍ന്ന് ഒരു നടന്റെ പല്ല് പൊടിഞ്ഞുതുടങ്ങിയെന്നും തന്റെ മകന് ഓഫര്‍ വന്നെങ്കിലും അഭിനയിക്കാന്‍ വിടാന്‍ ഭയമാണെന്നും അമ്മ എക്‌സിക്യൂട്ടീവ് അംഗുകൂടിയായ ടിനിടോമിന്റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. മറ്റൊരു എക്‌സിക്യുട്ടീവ് അംഗമായ ബാബുരാജും ലഹരി ഉപയോഗം വ്യാപിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഷൂട്ടിംഗ് സെറ്റുകളില്‍ ഉള്‍പ്പടെ കര്‍ശന പരിശോധന നടത്തുമെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. പൊലീസ് നടപടിയുമായി സഹകരിക്കുമെന്ന് സംഘടനനേതൃത്വം നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്‌തേക്കും.

Leave a Reply

Your email address will not be published.