അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

Spread the love
അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

കൊല്ലം: അമേരിക്കയില്‍ കൊല്ലം സ്വദേശികളായ നാലംഗ കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കലിഫോര്‍ണിയ സാന്‍ മറ്റേയോയില്‍ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഫാത്തിമാ മാതാ നാഷനല്‍ കോളജ്‌ മുന്‍ പ്രിന്‍സിപ്പല്‍ പട്ടത്താനം വികാസ്‌ നഗര്‍ 57ല്‍ ഡോ.

ജി. ഹെന്റി – ശാന്തമ്മ ദമ്ബതികളുടെ മകന്‍ ആനന്ദ്‌ സുജിത്‌ ഹെന്റി (42), ഭാര്യ ആലീസ്‌ പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്‌തന്‍ (4) എന്നിവരാണ്‌ മരിച്ചത്‌. മരണകാരണം വ്യക്‌തമല്ല.
തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററില്‍നിന്നുയര്‍ന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ്‌ ബന്ധുക്കള്‍ സംശയിക്കുന്നത്‌. ഇന്ത്യന്‍ സമയം തിങ്കളാഴ്‌ച രാത്രി 7.45ന്‌ (അമേരിക്കന്‍ സമയം തിങ്കളാഴ്‌ച രാവിലെ 9.15) മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.
ആലീസിന്റെ മാതാവ്‌ ജൂലിയറ്റ്‌ അമേരിക്കയിലായിരുന്നു. കഴിഞ്ഞ 11-നാണ്‌ തിരികെയെത്തിയത്‌. ജൂലിയറ്റ്‌ നാട്ടിലെത്തിയ ശേഷം വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തിതിനെത്തുടര്‍ന്ന്‌ അമേരിക്കയിലുള്ള ബന്ധു അന്വേഷിച്ചപ്പോള്‍ സംശയം തോന്നിയാണ്‌ പോലിസിനെ വിവരമറിയിച്ചത്‌. പോലിസ്‌ എത്തി വീട്‌ തുറന്നു നോക്കിയപ്പോള്‍ ഒരു മുറിയില്‍ നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു, പോസ്‌റ്റ്മോര്‍ട്ടം രാത്രി വൈകി നടക്കുമെന്നും അതിന്റെ റിപ്പോര്‍ട്ട്‌ വന്നാല്‍ മാത്രമേ മരണകാരണം വ്യക്‌തമാകൂവെന്നും പോലിസ്‌ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ്‌ അടുത്തിടെയാണ്‌ ജോലി രാജിവച്ചു സ്‌റ്റാര്‍ട്ടപ്‌ തുടങ്ങിയത്‌.
ആലീസ്‌ പ്രിയങ്ക സീനിയര്‍ അനലിസ്‌റ്റായി ജോലി ചെയ്യുകയായിരുന്നു. ആറു വര്‍ഷം മുന്‍പാണ്‌ കുടുംബം അമേരിക്കയിലേക്കു പോയത്‌. അതിനു ശേഷം തിരികെ വന്നിട്ടില്ല. കുട്ടികളുടെ ജനനവും അവിടെ തന്നെയായിരുന്നു.

Leave a Reply

Your email address will not be published.