അന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ അടിപതറി; ഇന്ന് പരാജയത്തിലേക്ക് അദാനി

Spread the love

കര്‍ഷക സമരകാലത്ത് കത്തിയമര്‍ന്ന കോലങ്ങളില്‍ അദാനിയുടെയും ചിത്രമുണ്ടായിരുന്നു. ഇന്ന് അദാനി ഓഹരികള്‍ മാര്‍ക്കറ്റില്‍ പച്ചക്ക് കത്തിയമരുമ്പോള്‍ സമരത്തില്‍ തോറ്റവരുടെ സമ്പൂര്‍ണപതനമാണ് അവര്‍ നേരില്‍ കാണുന്നത്. കേന്ദ്രം എറിഞ്ഞ കുരുക്കില്‍ കഴുത്ത് കുടുങ്ങിയില്ലല്ലോ എന്നതിലാകും അവര്‍ ആശ്വസിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരമാരംഭിച്ച കര്‍ഷകര്‍ക്ക് ഇതെല്ലാം നിയമമായാലുള്ള ഗുണഭോക്താവ് ആരാണെന്ന് നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാകണം സമരം പാര്‍ലമെന്റിലേക്ക് മാത്രം പോരാ, അദാനിയുടെ സ്വകാര്യ ഭക്ഷ്യ സംഭരണ ശാലകളിലേക്കും വേണമെന്നും മോദിക്കൊപ്പം അംബാനിയും അദാനിയും കോലങ്ങളായി കത്തി അമരണമെന്നും കര്‍ഷകര്‍ ഉറപ്പിച്ചത്.

പുതിയ നിയമമുണ്ടാക്കി മണ്ഡി എന്ന മാര്‍ക്കറ്റ് സംവിധാനം തകര്‍ക്കുകയായിരുന്നു കേന്ദ്രനിയമത്തിന് പിന്നിലെ ലക്ഷ്യം. അതിലൂടെ വിളവിന് വിലകിട്ടാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ കര്‍ഷകനെ ഇരക്കേണ്ട രൂപത്തിലേക്ക് മാറ്റുകയും. ബില്ലിനെ പറ്റി വകുപ്പ് മന്ത്രി അറിയുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുഡ്‌സ് ട്രെയിനുകള്‍ പോലും സ്വന്തമാക്കാനും സ്റ്റോറേജ് ഹൗസുകള്‍ പണിയാനും അദാനി ആരംഭിച്ചിരുന്നു. നിയമം മുതലാളിച്ചങ്ങാതിമാര്‍ക്ക് വേണ്ടിയാണെന്ന ആരോപണത്തിന് മുന്നില്‍, കര്‍ഷകരില്‍ നിന്ന് ഒരിക്കലും വിള വാങ്ങില്ലെന്നും വിതരണത്തിന് സഹായമൊരുക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു അദാനിയുടെ വിശദീകരണം.

കര്‍ഷക സമരം വിജയിപ്പിച്ച് ഒരു വര്‍ഷത്തിനിപ്പുറം, തങ്ങള്‍ സമരം ചെയ്ത് തോല്‍പ്പിച്ചവരുടെ പതനമാണ് അവര്‍ നേരില്‍ കാണുന്നത്. സമരം പരാജയപ്പെട്ട് ഇന്ത്യയുടെ കൊയ്ത്തധികാരം അദാനിയുടെ കയ്യില്‍ എത്തിയിരുന്നെങ്കില്‍ ഇന്ന് എല്‍ഐസിയും എസ്ബിഐയും പോലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്മേല്‍ ആദ്യം തിരിച്ചടി നേരിടുന്നവരുടെ പട്ടികയില്‍ രാജ്യത്തെ കര്‍ഷകരും ഉണ്ടായെനെ. അങ്ങനെ സംഭവിക്കാന്‍ അനുവദിച്ചില്ലെന്ന ആവേശത്തിലാണ് ഇന്നും കര്‍ഷക ജനത.

Leave a Reply

Your email address will not be published.