അടുത്ത വര്‍ഷം ആദ്യ സാറ്റ്‌ലൈറ്റ്; തദ്ദേശീയ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കാന്‍ ബഹ്റൈന്‍

Spread the love

മനാമ: തദ്ദേശീയ ഉപഗ്രഹങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയുമായി ബഹ്റൈന്‍. പൂര്‍ണമായി തദ്ദേശീയമായി ഉപഗ്രഹം വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിക്ക് രാജ്യം തുടക്കമിട്ടതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അറിയിച്ചു.2023 ഡിസംബറില്‍ ഉപഗ്രഹം വിക്ഷേപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബഹ്റൈനിലെ യുവ ബഹിരാകാശ ശാസ്ത്രജ്ഞരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക. ബഹ്റൈനെ ലോകത്തിലെ വന്‍കിട ബഹിരാകാശ ശക്തിയാക്കാന്‍ രാപ്പകലില്ലാതെ പരിശ്രമിക്കുന്ന നാഷണല്‍ സ്പേസ് സയന്‍സ് ഏജന്‍സിയെ അഭിനന്ദിക്കുകയാണെന്ന് നാസര്‍ബിന്‍ ഹമദ് പ്രതികരിച്ചു. ആദ്യ ബഹ്റൈന്‍ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടെ പദ്ധതിക്ക് തുടക്കമിടും. 2028 വരെയാണ് പുതിയ ബഹിരാകാശ പദ്ധതിയുടെ കാലപരിധി എന്നും നാഷണല്‍ സ്പേസ് ഏജന്‍സി ചെയര്‍മാന്‍ കമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് അറിയിച്ചു.2021ല്‍ യുഎഇയും ബഹ്റൈനും സംയുക്തമായി നിര്‍മ്മിച്ച ലൈറ്റ് 1 എന്ന നാനോ സാറ്റലൈറ്റ് വിക്ഷേപിച്ചിരുന്നു. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. മിന്നലിലും മേഘങ്ങളിലുമുള്ള ഗാമാ കിരണങ്ങളെക്കുറിച്ച് പഠനം നടത്തുകയാണ് ലൈറ്റ് 1 ഉപഗ്രഹം ലക്ഷ്യമിടുന്നത്. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പുസ്തകമായ ‘ദി ഫാസ്റ്റ് ലൈറ്റ്’ എന്ന പുസ്തകത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഉപഗ്രഹത്തിന് ലൈറ്റ് 1 എന്ന് പേരിട്ടത്. ബഹ്റൈന്റെ വളര്‍ച്ചയെയും ശാസ്ത്ര പുരോഗതിയെയും സൂചിപ്പിക്കുന്ന പേര് എന്ന നിലയില്‍ ലൈറ്റ് 1 എന്ന പേര് ശ്രദ്ധേയമായിട്ടുണ്ട്.

Leave a Reply

Your email address will not be published.